ഇടുക്കി: മണ്‍സൂണ്‍ എത്തിയതോടെ അടിമാലി പഞ്ചാരക്കുത്ത് വെള്ളച്ചാട്ടം ജലസമൃദ്ധമായി. കീഴാക്കാംതൂക്കായ മലമുകളില്‍ നിന്നും പഞ്ചസാരത്തരികള്‍ പോലെ താഴേക്ക് പതിക്കുന്ന പഞ്ചാരക്കുത്ത് വെള്ളച്ചാട്ടം, അടിമാലി കൂമ്പന്‍പാറ വഴി സഞ്ചരിക്കുന്നവരുടെ ഇഷ്‌ട കാഴ്ച്ചയാണ്.
വെണ്‍മേഘങ്ങളെ തൊട്ട് നില്‍ക്കുന്ന മലഞ്ചെരുവും പാറയിടുക്കിലൂടെ ഒഴുകിയെത്തുന്ന കാട്ടരുവിയുമാണ് പഞ്ചാരക്കുത്തിനെ സജീവമാക്കുന്നത്. മലമുകളില്‍ നിന്നും വെള്ളം പഞ്ചസാരത്തരികള്‍ പോലെ താഴേക്ക് പതിക്കുന്ന കാഴ്‌ചയാണ് പഞ്ചാരക്കുത്തിന് ആ പേര് നല്‍കിയത്.
Also Read: വെന്തുരുകി ലോകരാജ്യങ്ങള്‍; കാടുകളെ വിഴുങ്ങി തീജ്വാലകള്‍
താഴേക്ക് പതിക്കുന്ന ജലകണങ്ങളെ ഇടക്കിടെയെത്തുന്ന കാറ്റ് വീശിയകറ്റും. കാറ്റകലുന്നതോടെ ജലപാതം വീണ്ടും മണ്ണിനെ പുല്‍കും. പരന്ന പച്ചപ്പിനിടയില്‍ കോടമഞ്ഞിന്‍റെ മേലാങ്കിയണിഞ്ഞ മലഞ്ചെരുവില്‍ വെള്ളിവര തീര്‍ക്കുന്ന പഞ്ചാരക്കുത്തിന്‍റെ വിദൂര കാഴ്‌ചയും മനോഹരമാണ്.
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ അടിമാലി പിന്നിട്ട് മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് അകലെ നിന്ന് പഞ്ചാരക്കുത്ത് കാണാം. കണ്ണിലുടക്കുന്ന ഈ മനോഹര കാഴ്‌ച ക്യാമറയില്‍ ഒപ്പിയെടുക്കാനും സഞ്ചാരികൾ മറക്കാറില്ല.