ഇടുക്കി: അണക്കരയിലെ ജനവാസ മേഖലയില്‍ വീണ്ടും കരടി ഇറങ്ങി. വലിയപാറ മേലേകുന്നത്ത് ബാബുവിന്‍റെ വീട്ടുമുറ്റത്തെ തേനീച്ചക്കൂട് കരടി തകര്‍ത്തു. കഴിഞ്ഞ രാത്രി 12 മണിയോടെയാണ് കരടി എത്തിയത്. വീട്ടിലെ സിസി ടിവി കാമറയില്‍ കരടിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
രണ്ടാഴ്ചമുന്‍പ് അണക്കര ആറാംമൈലില്‍ പകല്‍ സമയത്ത്, കൃഷിയിടത്തില്‍ കരടിയെ കണ്ടിരുന്നു. പിന്നീട് വനപാലകര്‍ മേഖലയില്‍ പരിശോധന നടത്തിയിരുന്നെങ്കിലും കരടിയെ പിടികൂടാന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.
തമിഴ്‌നാട് വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന അണക്കര വലിയ പാറയില്‍ വന്യ മൃഗ ശല്യം രൂക്ഷമാണ്. അതിര്‍ത്തി വന മേഖലയില്‍ നിന്നും വീടുകള്‍ക്ക് സമീപത്തേയ്ക്ക് വന്യ മൃഗങ്ങള്‍ എത്തി തുടങ്ങിയതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍.
also read: കണ്ണിലെണ്ണയൊഴിച്ച് നാട്ടുകാര്‍, കണ്ണുവെട്ടിച്ച് കടുവ: ഇന്ന് കൊന്നത് രണ്ട് മൃഗങ്ങളെ
കരടിയും കാട്ടുപോത്തും ഉള്‍പ്പടെയുള്ള മൃഗങ്ങള്‍, ജനവാസ മേഖലയിലേയ്ക്ക് പതിവായി എത്തുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.