ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ ഒറ്റപ്പെട്ട കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പില്ലാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് വ്യാപാരികളെ വന്‍ ബുദ്ധിമുട്ടിലാക്കിയതായി രാജാക്കാട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ . ടൗണിലെ കടകള്‍ പലതും മുന്നറിയിപ്പില്ലാതെ അടച്ചു പൂട്ടിയതിനാല്‍ ജന ജീവീതം ദുസഹമായി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധപരിപാടിള്‍ക്ക് രൂപം നല്‍കുമെന്നും വ്യാപാരികള്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഹോട്ടല്‍, പച്ചക്കറി തുടങ്ങിയ വ്യാപാരങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഞായറാഴ്ച്ച ടൗണ്‍ മുഴുനവായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് ഏറെ ബുദ്ധിമുട്ടിലാക്കിയത്. ശനിയാഴ്ച രാത്രി എട്ട് മണിക്ക് ഇറങ്ങിയ കലക്ടറുടെ വാട്സ് ആപ്പ് സന്ദേശം വഴി ഏതാനും പേര്‍ക്ക് മാത്രമാണ് ഞായറാഴ്ച ലോക്ക് ഡൗണ്‍ ആണെന്ന് അറിയാന്‍ സാധിച്ചത്. ടൗണിലെ എല്ലാ സ്ഥാപനങ്ങളും നിശ്ചിത സമയം തുറക്കാന്‍ അനുവദിക്കുകയും കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുകയും ചെയ്താല്‍ ഫലപ്രദമായി നിയന്ത്രിക്കാം എന്നിരിക്കെ ഏതാനും കച്ചവട സ്ഥാപനങ്ങളെ മാത്രം തുറക്കാന്‍ അനുവദിക്കാത്ത നടപടി പുന:പരിശോധിക്കണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധപരിപാടിള്‍ക്ക് രൂപം നല്‍കുമെന്നും വ്യാപാരി പ്രതിനിധികള്‍ പറഞ്ഞു.
ഇത്തരം സാഹചര്യത്തിൽ വ്യാപാരി പ്രസ്ഥാനത്തിന്‍റെ പ്രതിനിധികളെ വിവരം മുന്‍കൂട്ടി അറിയിച്ച് ഹോട്ടല്‍, പഴം-പച്ചക്കറി തുടങ്ങിയവ നടത്തുന്ന വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി അവരുടെ നഷ്ടക്കണക്ക് കുറയ്ക്കാമായിരുന്നുവെന്നും കാര്യമായ രോഗവ്യാപന ഭീഷണി ഇല്ലാതിരിക്കെ ടൗണ്‍ അടച്ചു പൂട്ടാന്‍ വ്യഗ്രത കാണിച്ചവരുടെ ജാഗ്രത തിരിച്ചറിയണമെന്നും രാജാക്കാട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പറഞ്ഞു.