ഇടുക്കി: പച്ച പുതച്ച മലനിരകളെ തണുപ്പിയ്ക്കാന്‍ ഊര്‍ന്നിറങ്ങുന്ന കോടമഞ്ഞ്, മൊട്ടക്കുന്നുകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കാറ്റാടി യന്ത്രങ്ങള്‍, വിശാലമായ പുല്‍മേടുകൾ, നേര്‍ത്ത കാറ്റിന്‍റെ തലോടല്‍... സുന്ദര കാഴ്‌ചകളുടെ മനോഹര ഭൂമിയായ ഇടുക്കിയില്‍ അധികമാരും എത്താത്ത അണക്കരമെട്ട്, പുഷ്പകണ്ടം, ഹൈദര്‍മെട്ട് മലനിരകൾ...ട്രക്കിങിനും ജീപ്പ് സഫാരിയ്ക്കും ഏറെ അനുയോജ്യമാണ് ഇവിടം.
ഇവിടെ നിന്നാല്‍ അങ്ങ് ദൂരെ രാമക്കല്‍മേടും ആമപ്പാറയും അടക്കം സഹ്യ പര്‍വ്വത നിരയുടെ അതിവിശാല കാഴ്ച. സ്വച്ഛന്ദമായ അന്തരീക്ഷവും കാലാവസ്ഥയുമാണ് അണക്കരമെട്ടിന്‍റെ പ്രത്യേകത. കണ്ടു മടങ്ങിയവര്‍, പറഞ്ഞു കേട്ട്, വരുന്നവർ...ഇടുക്കിയുടെ ഇനിയും തുറക്കാത്ത ടൂറിസം സാധ്യതകളിലേക്ക് അണക്കരമെട്ടിലെ കാറ്റ് വീശുകയാണ്...
സമുദ്രനിരത്തില്‍ നിന്ന് 3000 അടിയിലേറെ ഉയത്തിലുള്ള ഈ പ്രദേശത്തോട് ചേർന്ന് ഏലം, കുരുമുളക് അടക്കമുള്ള സുഗന്ധദ്രവ്യങ്ങളുടെ കൃഷിയുമുണ്ട്. കെഎസ്ഇബിയുടെ കാറ്റാടിപ്പാടമാണ് ഇവിടെയുള്ളത്. കാറ്റിന്‍റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന രാമക്കല്‍മേടിനോട് ചേർന്നായതിനാല്‍ വലിയ ടൂറിസം സാധ്യതയാണ് അണക്കരമെട്ട്, പുഷ്‌പകണ്ടം മലനിരകൾക്കുള്ളത്.
എങ്ങനെ പോകാം: മൂന്നാർ- കുമളി സംസ്ഥാനപാതയിൽ നെടുങ്കണ്ടത്ത് നിന്നും കോമ്പയാർ വഴി 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. ട്രിപ്പ് ജീപ്പ് സൗകര്യമുണ്ട്. സമീപത്ത് ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്.
നീലക്കുറിഞ്ഞി പൂത്ത അണക്കരമെട്ട്: 2020ല്‍ പുഷ്‌പകണ്ടം അണക്കരമെട്ട് മലനിരകളില്‍ നീലക്കുറിഞ്ഞി പൂത്തത് കൗതുകമായിരുന്നു. കൊവിഡ് കാലമായതിനാല്‍ സഞ്ചാരികൾക്ക് വലിയ നിയന്ത്രണമാണ് അന്നുണ്ടായിരുന്നത്. ഇനി 2032ല്‍ ഇവിടെ നീലക്കുറിഞ്ഞി പൂക്കുമെന്നാണ് സസ്യശാസ്ത്രജ്ഞർ പറയുന്നത്.