ഇടുക്കി: ജില്ലയിൽ കൊവിഡ് ഭേദമായ വയോധികനെ ഏറ്റെടുക്കാന്‍ കുടുംബം തയ്യാറാകുന്നില്ലെന്ന് ആരോപണം. നെടുങ്കണ്ടം കരുണാ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 78 കാരനെയാണ് മക്കള്‍ ഏറ്റെടുക്കാൻ തയ്യാറാകാത്തത്. രോഗം ഭേദമായ വയോധികൻ നെടുങ്കണ്ടം പഞ്ചായത്തിന് കീഴിലുള്ള പകല്‍ വീട്ടിലാണ് കഴിയുന്നത്.
ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ നഗരത്തിലൂടെ അലഞ്ഞ് നടന്നിരുന്ന വയോധികനെ പഞ്ചായത്ത് ഇടപെട്ട് പകല്‍ വീട്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഇയാൾക്ക് അസുഖം ബാധിക്കുന്നത്. രോഗം ഭേദമായതിനെ തുടർന്ന് മക്കളെ വിവരം അറിയിച്ചെങ്കിലും വയോധികനെ ഏറ്റെടുക്കാന്‍ മക്കള്‍ തയ്യാറായില്ല. പുതിയ പഞ്ചായത്ത് ഭരണ സമിതി അധികാരമേല്‍ക്കുന്നതിനോടനുബന്ധിച്ച് വൃദ്ധനായ പിതാവിനെ പരിപാലിക്കാന്‍ തയ്യാറാകാത്ത മക്കള്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിയ്ക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. വയോധികനെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാൻ പഞ്ചായത്തിന്‍റെയും ജനമൈത്രി പൊലീസിന്‍റെയും നേതൃത്വത്തില്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
അതേസമയം കൊവിഡ് രോഗ ബാധിതയായ 65 കാരിയായ മാതാവിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രി പരിസരത്തെ മരച്ചുവട്ടില്‍ ഇരുത്തിയ ശേഷം മകന്‍ കടന്ന് കളഞ്ഞതായും ആരോപണം ഉണ്ട്. ഇവരെ നെടുങ്കണ്ടത്തെ ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിലേക്ക് മാറ്റി. മാതാവിനെ ഉപേക്ഷിയ്ക്കാന്‍ ശ്രമിച്ച മകനെ കണ്ടെത്തി പൊലീസും ആരോഗ്യ വകുപ്പും താക്കീത് ചെയ്‌തിരുന്നു.