ഇടുക്കി : മുട്ടുകാട്ടില്‍ കാര്‍ഷികമേഖലയ്ക്ക് ഭീഷണിയായി ആഫ്രിക്കന്‍ ഒച്ചുകള്‍. ഏക്കര്‍ കണക്കിനുള്ള കൃഷി വിളകള്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ തിന്ന് നശിപ്പിക്കാന്‍ തുടങ്ങിയതോടെ ദുരിതപൂര്‍ണമായിരിക്കുകയാണ് കര്‍ഷകരുടെ ജീവിതം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മേഖലയില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമാണ്.
അതുക്കൊണ്ട് തന്നെ ഉപജീവന മാര്‍ഗത്തിനായി മറ്റ് വഴികള്‍ തേടുകയാണ് ഇപ്പോള്‍ കര്‍ഷകര്‍. മേഖലയില്‍ വ്യാപകമായി ചെയ്തുവന്നിരുന്ന ഏലം, കുരുമുളക്, കാപ്പി, കൊക്കോ, മറ്റ് പച്ചക്കറികള്‍ തുടങ്ങിയ കൃഷി വിളകളെല്ലാം ഇവ തിന്ന് നശിപ്പിച്ചു. ആഫ്രിക്കന്‍ ഒച്ചുകള്‍ എങ്ങനെ മേഖലയിലെത്തി എന്നുള്ളത് വ്യക്തമല്ല.
വന്‍ തോതില്‍ പെറ്റുപെരുകുന്ന ഇവയെ നശിപ്പിക്കാനായി കര്‍ഷകര്‍ നിരവധി ശ്രമങ്ങള്‍ നടത്തി. അതിനായി വീര്യം കൂടിയ കീടനാശിനി പ്രയോഗം നടത്തിയെങ്കിലും ഇവയെ തുരത്താന്‍ കഴിഞ്ഞില്ല. ഒച്ചുകള്‍ പെരുകുന്ന മേഖലയില്‍ ഉപ്പ് വിതറിയാണ് നിലവില്‍ പ്രതിരോധം.
ഇവയുടെ മുകളിലൂടെ ഉപ്പ് വീശിയെറിയുന്നതോടെ ഇവയെല്ലാം ചാവും. എന്നാല്‍ ഇത്തരത്തിലുള്ള ഉപ്പ് പ്രയോഗത്തിലൂടെ ലക്ഷക്കണക്കിന് വരുന്ന ഒച്ചുകളെ കൊല്ലുന്നത് പ്രയോഗികമല്ല. മാത്രമല്ല ചൂടുള്ള സമയങ്ങളില്‍ മണ്ണിനടിയില്‍ കഴിയുന്ന ഇവയെ പൂര്‍ണമായും നശിപ്പിക്കുകയെന്നത് അസാധ്യവുമാണ്.
ഇവയെ മേഖലയില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. കാര്‍ഷിക വിളകള്‍ക്ക് വിലത്തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യം കൂടി രൂക്ഷമായതോടെ ആശങ്കയിലായിരിക്കുകയാണ് കര്‍ഷകര്‍. മേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് പ്രാദേശിക ഭരണകൂടവും കൃഷി വകുപ്പും.
മുട്ടുകാടിന്‍റെ സമീപ പ്രദേശമായ രാജകുമാരിയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മേഖലയില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളിലും മറ്റും പറ്റിപിടിച്ചും ഇവ മറ്റിടങ്ങളിലെത്തുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ മൂവായിരം മുതല്‍ 5000 മുട്ടകള്‍ വരെയിടുന്ന ഇവയ്ക്ക് ഇണചേരാതെ തന്നെ പ്രത്യുത്പാദനം നടത്തുവാനും സാധിക്കും.
മേഖലയിലെ ഒച്ചുശല്യം ഇല്ലാതായാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ആശങ്കയില്ലാതെ കൃഷിയിറക്കാനാവൂ. ശ്രമങ്ങള്‍ക്കൊടുവില്‍ രൂക്ഷമായ ഒച്ച് ശല്യത്തിന് പര്യവസാനം ഉണ്ടാകുമെന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ് കര്‍ഷകര്‍.