ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ തീരുമാനം. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് അടിമാലി താലൂക്കാശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്ന് തീരുമാനിച്ചത്. ആശുപത്രിയുടെ പുതിയ ബ്ലോക്കില്‍ തന്നെ ഇതിനായി സൗകര്യം ക്രമീകരിക്കും. ആദ്യഘട്ടത്തില്‍ നാൽപ്പതിനടുത്ത് കിടക്കകള്‍ ക്രമീകരിക്കാനാണ് ശ്രമം. അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്ന നടപടികളുമായി മുമ്പോട്ട് പോകുകയാണെന്ന് ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി അറിയിച്ചു.
കിടക്കകള്‍ ക്രമീകരിക്കുന്നതിനൊപ്പം വെന്‍റിലേറ്റര്‍ സൗകര്യവും ചികിത്സാ കേന്ദ്രത്തിന്‍റെ ഭാഗമായി വര്‍ധിപ്പിക്കും. ആശുപത്രിയിലെ പ്രസവ വാര്‍ഡും ഓപ്പറേഷന്‍ തിയറ്ററും ഒ പി യും അത്യാഹിത വിഭാഗവും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. നിലവില്‍ അമ്പതിന് മുകളില്‍ കൊവിഡ് കേസുകള്‍ ദിവസവും അടിമാലി പഞ്ചായത്ത് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നൂറ് കിടക്കകളുള്ള സിഎഫ്എല്‍ടിസി ഇരുമ്പുപാലത്ത് പ്രവര്‍ത്തിച്ച് പോരുന്നു. അടിമാലിക്ക് പുറമെ സമീപ പഞ്ചായത്തുകളിലെ ആളുകളും ആദിവാസി മേഖലയിലെ ആളുകളും ചികിത്സ തേടുന്നത് അടിമാലി താലൂക്കാശുപത്രിയിലാണ്. ഇത്തരം സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് അടിമാലി താലൂക്ക് ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ തീരുമാനിച്ചത്.