ഇടുക്കി: അടിമാലി കേന്ദ്രീകരിച്ച് സിവില്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം ഇനിയും പരിഹാരമായിട്ടില്ല. അടിമാലി കേന്ദ്രമായുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. സിവില്‍ സ്‌റ്റേഷന്‍ നിർമിച്ചാല്‍ വാടകയിനത്തില്‍ നഷ്‌ടമാകുന്ന വലിയ തുക ഒഴിവാക്കാമെന്നതിനൊപ്പം വിവിധ ആവശ്യങ്ങള്‍ക്ക് ഓഫിസുകളില്‍ എത്തുന്നവര്‍ക്കും പ്രയോജനകരമാകും.
അടിമാലിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് ടൗണ്‍ കേന്ദ്രീകരിച്ച് സിവില്‍ സ്റ്റേഷന്‍ വേണമെന്ന ആവശ്യം പ്രദേശവാസികള്‍ മുമ്പോട്ട് വയ്ക്കുന്നത്. ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും സിവില്‍ സ്റ്റേഷന്‍റെ കാര്യത്തില്‍ കാര്യമായൊരു പുരോഗതിയും നാളിതുവരെ ഉണ്ടായിട്ടില്ല. അടിമാലിയിലെ വിവിധ ഓഫിസുകളുടെ വാടകയിനത്തില്‍ സര്‍ക്കാരിന് പ്രതിവര്‍ഷം വലിയ തുക നഷ്ടമാകുന്നു.
അടിമാലിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ദിവസവും നിരവധിയാളുകള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ മുഖേന ആവശ്യം നിറവേറ്റുവാന്‍ അടിമാലി ടൗണില്‍ എത്തുന്നു. വിവിധ ഭാഗങ്ങളിലായി ഓഫിസുകള്‍ ചിതറി കിടക്കുന്നത് ആളുകൾക്ക് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫിസുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നാല്‍ ആളുകള്‍ക്ക് അത് സൗകര്യപ്രദമാകുന്നതിനൊപ്പം അടിമാലിയുടെ വികസനവും വര്‍ധിക്കുമെന്ന പ്രതീക്ഷയുമുണ്ട്.