ഇടുക്കി: അടിമാലി ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വസ്‌ത്രവ്യാപാരശാല കുത്തിതുറന്ന് പണവും ഹോംതിയേറ്ററും മോഷ്‌ടിച്ചു. കടയില്‍ ഉണ്ടായിരുന്ന വസ്‌ത്രങ്ങള്‍ക്കും സിസിടിവിക്കും കംപ്യൂട്ടറിനും മോഷ്‌ടാവ് കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. സംഭവത്തില്‍ കടയുടമ അടിമാലി പൊലീസില്‍ പരാതി നല്‍കി. ബുധനാഴ്‌ച പുലര്‍ച്ചെയാണ് അടിമാലി ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചു വരുന്ന വസ്‌ത്രവ്യാപാരശാലയില്‍ മോഷണം നടന്നത്. കടയുടെ പിന്‍ഭാഗം പൊളിച്ചാണ് മോഷ്‌ടാവ് ഉള്ളില്‍ കടന്നത്. ഇയാളുടെ ചിത്രം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും കടയില്‍ ഉണ്ടായിരുന്ന ആറായിരത്തോളം രൂപയും ഹോം തിയേറ്ററുമാണ് മോഷണം പോയതെന്നും കടയുടമ പറഞ്ഞു.
വസ്‌ത്രങ്ങള്‍ വാരിവലിച്ചിട്ട ശേഷം കടയുടെ ഭിത്തി മഷിപുരട്ടി അലങ്കോലമാക്കിയ നിലയിലാണ്. മോഷണത്തിനൊപ്പം കടക്കുള്ളില്‍ വലിയ നഷ്‌ടവും വരുത്തിയാണ് മോഷ്‌ടാവ് രക്ഷപ്പെട്ടത്. ശാസ്‌ത്രിയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മലഞ്ചരക്ക് സ്ഥാപനത്തില്‍ മോഷണം നടക്കുകയും രണ്ട് പ്രതികള്‍ പിടിയിലാവുകയും ചെയ്‌തിരുന്നു. വീണ്ടും മറ്റൊരു സ്ഥാപനത്തില്‍ മോഷണം നടന്നത് വ്യാപാരികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.