ഇടുക്കി: കൊവിഡ് കാലം വിദ്യാർഥികൾക്ക് വിവിധ പരീക്ഷണങ്ങളുടെ കാലം കൂടിയാണ്. ഇടുക്കി കട്ടപ്പന സ്വദേശി അശ്വിൻ വിധുവും കൂട്ടുകാരും ലോക്ക് ഡൗൺ കാലത്ത് തങ്ങളുടെ സിനിമാ സ്വപ്നങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഇവർ ഒരുക്കിയ 'ആദിയുടെ ശകടം' എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. നാടകത്തിനും മോണോ ആക്ടിനും സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ അശ്വിൻ വിധു സമ്മാനങ്ങൾ നേടിയിട്ടുണ്ട്. എങ്കിലും സിനിമയാണ് അശ്വിന്‍റെ സ്വപ്നം. അതിന്‍റെ ആദ്യപടിയാണ് 'ആദിയുടെ ശകടം' എന്ന ഹ്രസ്വചിത്രം. കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
അശ്വിന്‍റെ സുഹൃത്തുക്കൾ തന്നെയാണ് ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. കൊച്ചു കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്നതാണ് ഹ്രസ്വചിത്രം. കൊവിഡ് കാലം പലർക്കും നിരാശയുടെ കാലമാണ്. എന്നാൽ ഈ കൂട്ടുകാർക്കിത് തങ്ങളുടെ സർഗശേഷി തെളിയിക്കുന്ന കാലമാണ്.