ഇടുക്കി : പ്രശസ്‌ത നടൻ പൂജപ്പുര രവി അന്തരിച്ചു. മറയൂരിൽ വച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.ഇന്ന് രാവിലെ ശരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്. അഞ്ച് പതിറ്റാണ്ടോളം അഭിനയ രംഗത്ത് സജീവമായിരുന്ന അദ്ദേഹം 800 ഓളം സിനിമകളിലും 4000 ത്തോളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഒരുകാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു പൂജപ്പുര രവി. നാടകങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച അദ്ദേഹം വെള്ളിത്തിരയില്‍ പകർന്നാടിയത് പകരം വയ്ക്കാനില്ലാത്ത അഭിനയ മുഹൂർത്തങ്ങൾ ആയിരുന്നു. കലാനിലയം ഡ്രാമാവിഷൻ എന്ന പ്രശസ്‌തമായ നാടക കളരിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 1970 കളുടെ പകുതിയോടെയാണ് സിനിമയിലേയ്‌ക്ക് ചുവടുമാറ്റുന്നത്.
പ്രാരംഭ ഘട്ടത്തില്‍ ചെറിയ റോളുകൾ മാത്രമാണ് അദ്ദേഹത്തെ തേടിയെത്തിയത്. എന്നാല്‍ പതിയെ മലയാള സിനിമയിലെ പതിവ് മുഖങ്ങളുടെ കൂട്ടത്തില്‍ പൂജപ്പുര രവി എന്ന നടനും ചേർക്കപ്പെട്ടു. 800ൽ അധികം സിനിമകളിൽ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. ഏതുറോളും അനായാസം ചെയ്യാൻ കഴിയുന്ന മെയ്‌വഴക്കം തന്നെയാണ് അദ്ദേഹത്തെ ഏവർക്കും പ്രിയങ്കരനാക്കിയത്.
'വേലുത്തമ്പി ദളവ'യായിരുന്നു ആദ്യചിത്രം. ഹാസ്യ നടനായും സ്വഭാവ നടനായും ദീർഘകാലം മലയാളികളെ രസിപ്പിച്ച അദ്ദേഹം 2016ൽ 'ഗപ്പി' എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. കള്ളൻ കപ്പലിൽതന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, അമ്മിണി അമ്മാവൻ, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു, നായാട്ട്, തേനും വയമ്പും, കുയിലിനെ തേടി, ഇതാ ഇന്നുമുതൽ, രാക്കുയിലിൻ രാഗസദസിൽ, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ദ കാർ, കിഴക്കൻ പത്രോസ്, ആയിരപ്പറ തുടങ്ങിയ സിനിമകളിലെ പൂജപ്പുര രവിയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
"കള്ളൻ കപ്പലിൽതന്നെ" എന്ന സിനിമയിലെ അമ്മിണി അമ്മാവൻ എന്ന വേഷമാണ് സിനിമയില്‍ രവിയെ ശ്രദ്ധേയനാക്കിയത്. 1992ൽ ഇറങ്ങിയ സുബ്രമണ്യം സ്വാമിയും അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ വേഷമാണ്. 1990കളില്‍ അദ്ദേഹം സീരിയലുകളിലും സജീവമായിരുന്നു.
ട്രാവൻകൂർ ഇൻഫൻട്രിയിലും സൈനിക സ്കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവൻ പിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളിൽ മൂത്തയാളായിരുന്നു രവി. ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂൾ, തിരുമല ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു പഠനം. ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതാണ് അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആയിരുന്നു ഇത്. തുടർന്നിങ്ങോട്ട് ആകാശവാണി ബാലലോകം നാടകങ്ങളിൽ സ്ഥിരം ശബ്‌ദ സാന്നിധ്യമായി രവി മാറി.
11-ാം ക്ലാസിൽ പഠിക്കുമ്പോൾ എസ്.എൽ. പുരം സദാനന്ദന്‍റെ ‘ഒരാൾകൂടി കള്ളനായി’ എന്ന നാടകത്തിൽ പ്രധാന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. നാടകത്തിലെ ശ്രദ്ധേയ പ്രകടനത്തിന് അധ്യാപകരിൽ നിന്നുൾപ്പടെ മികച്ച പ്രതികരണം ലഭിച്ചതോടെയാണ് അഭിനയമാണ് തന്‍റെ വഴിയെന്ന് അദ്ദേഹം ഉറപ്പിക്കുന്നത്. പിന്നാലെ സിനിമ സ്വപ്‌നം കണ്ട് അദ്ദേഹം മദ്രാസിലേക്ക് വണ്ടി കയറി.
എം.രവീന്ദ്രൻ നായർ പൂജപ്പുര രവിയിലേക്ക് : തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ എം.രവീന്ദ്രൻ നായരാണ് പിന്നീട് പൂജപ്പുര രവി ആയത്. നാടക നടൻ ആയിരിക്കെ കലാനിലയം കൃഷ്‌ണൻ നായരാണ് അദ്ദേഹത്തിന് പൂജപ്പുര രവി എന്ന പേര് നല്‍കുന്നത്. നാടകമേഖലയിൽ ധാരാളം രവിമാർ ഉള്ളതിനാൽ ആയിരുന്നു ഈ മാറ്റം.
പൂജപ്പുര വിട്ട് പൂജപ്പുര രവി : സ്വന്തം പേരിനോട് ചേര്‍ത്ത് നാടായ പൂജപ്പുരയെ പ്രശസ്‌തനാക്കിയ ആളാണ് പൂജപ്പുര രവി. എന്നാല്‍ അടുത്തിടെ അദ്ദേഹം മൂന്നാര്‍ മറയൂരിലേക്ക് താമസം മാറിയിരുന്നു. പൂജപ്പുര ചെങ്കള്ളൂർ കൈലാസ് നഗറിൽ ജനിച്ചുവളർന്ന കുടുംബ വീടിനുസമീപം പണിത, 40 വർഷത്തെ ഓർമകൾ കുടിയിരിക്കുന്ന വീട്ടില്‍ നിന്നാണ് അദ്ദേഹം മൂന്നാര്‍ മറയൂറിലെ മകള്‍ ലക്ഷ്മിയുടെ കുടുംബത്തിനൊപ്പം ചേക്കേറിയത്.
പൂജപ്പുരയിലെ വീട്ടിൽ ഒപ്പമുണ്ടായിരുന്ന മകൻ ഹരി കുമാർ അയര്‍ലന്‍റിലേക്ക് പോയതിനാലാണ് അദ്ദേഹം മകൾക്കൊപ്പം താമസം ആരംഭിച്ചത്. പൂജപ്പുരയില്‍ നിന്ന് പോകവെ അദ്ദേഹത്തിന് യാത്രാ മംഗളങ്ങൾ നേരാൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും സുഹൃത്തുമായ പ്രേം കുമാർ അടക്കമുള്ളവര്‍ വീട്ടിലെത്തിയിരുന്നു. ആറുവര്‍ഷം മുമ്പാണ് അദ്ദേഹത്തിന്‍റെ ഭാര്യ തങ്കമ്മ വിടപറഞ്ഞത്. കലാനിലയത്തിൽ നടി ആയിരുന്നു അവർ.