ഇടുക്കി: അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വച്ച് ഉണ്ടായ കത്തികുത്തിനിടയില് സ്വകാര്യബസ് ഉടമ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിലെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കേസിലെ പ്രതിയായ ഇരുമ്പുപാലം സ്വദേശി മനീഷ് മോഹനന്റെ അറസ്റ്റ് വ്യാഴാഴ്ച്ച വൈകീട്ട് അടിമാലി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രതിയെ വെള്ളിയാഴ്ച്ച സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പൊലീസ് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി.
ബൈസണ്‍വാലി സ്വദേശിയും സ്വകാര്യ ബസുടമയുമായ നടുവിലാംകുന്നേല്‍ ബോബന് ജോര്‍ജ്ജ് കത്തികുത്തിനിടയില് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. കത്തികുത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
പ്രതിയെ പൊലീസ് വെള്ളിയാഴ്ച്ച അടിമാലി ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ മാസം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ഹൃദയത്തിന് മുറിവേറ്റ ബോബനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.