ഇടുക്കി: അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ചതിന് കോടതി ശിക്ഷ വിധിച്ച് ഒളിവില്‍ കഴിഞ്ഞയാള്‍ 28 വര്‍ഷത്തിനുശേഷം പൊലീസിന്‍റെ പിടിയില്‍. പാക്കാനം പുഞ്ചവയല്‍ കാരിശ്ശേരി ഭാഗത്ത് ചവറമ്മാക്കല്‍ വീട്ടില്‍ സന്തോഷ് ബാബുവിനെയാണ് (59) എരുമേലി പൊലീസ് ഇടുക്കി തങ്കമണിയില്‍ നിന്നും അറസ്റ്റ് ചെയ്‌തത്. ഇയാള്‍ 1993ല്‍ അയല്‍വാസിയെ വീട്ടില്‍ കയറി ആക്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തിരുന്നു.
ശിക്ഷ മൂന്ന് മാസം, രക്ഷപ്പെട്ട് ഒളിവിൽ പോയത് 28 വർഷം: പിന്നീട്, കോടതി ഇയാളെ മൂന്നുമാസം തടവിനും 2,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തുടര്‍ന്ന് കോടതിയില്‍ നിന്നും ഇളവ് നേടുകയും തിരിച്ച് കോടതിയില്‍ ഹാജരാകാതെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇത്തരത്തില്‍ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവില്‍ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിനായി ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നിര്‍ദേശം നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് സന്തോഷ് ബാബു പൊലീസിന്‍റെ പിടിയിലായത്.
also read : നിരവധി കവർച്ച കേസുകളിൽ പ്രതി, 33 വർഷമായി ഒളിവിൽ; അതിസാഹസികമായി പിടികൂടി പൊലീസ്
കൊലപാതകം നടത്തി 25 വർഷം ഒളിവിൽ: കഴിഞ്ഞ മാസം കുപ്രസിദ്ധ ഗുണ്ട നേതാവ് ഛോട്ട ഷക്കീലിന്‍റെ വിശ്വസ്ഥ ഷൂട്ടറായിരുന്ന അഹമ്മദ് ഫിദ ഹുസൈൻ ഷെയ്ഖിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. 1997ൽ ഛോട്ടാ രാജന്‍റെ സംഘത്തിൽപ്പെട്ട ഒരാളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹുസൈൻ ഷെയ്‌ഖ്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ 25 വർഷത്തിന് ശേഷമാണ് പൈഡോണി പൊലീസ് അറസ്റ്റ് ചെയ്‌തത്.
താനെ റെയിൽവേ സ്‌റ്റേഷന് സമീപത്തുവച്ചാണ് ഇയാൾ അറസ്‌റ്റിലായത്. ഛോട്ടാ രാജൻ സംഘത്തിലെ അംഗമായ മുന്ന ധാരിയെ ഷെയ്ഖും മറ്റ് സംഘാംഗങ്ങളും ചേർന്ന് വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ കേസിൽ 1997 ഏപ്രിൽ രണ്ടിന് ആയുധ നിയമത്തിലെ 3, 25 വകുപ്പുകൾ ചുമത്തി ഷെയ്‌ഖിനെ അറസ്റ്റ് ചെയ്‌തിരുന്നു.
ജാമ്യത്തിലിറങ്ങി മുങ്ങി: 1998ൽ ഷെയ്‌ഖിനെ കോടതി ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ, ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം വിചാരണ നേരിടാതിരുന്ന ഇയാൾ ഒളിവിൽ പോയതായി കോടതി സ്ഥിരീകരിച്ചു. മുംബൈയിലാണ് ഷെയ്ഖ് താമസിക്കുന്നതെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
പിന്നീട് താനെ കാമ്പൂരിൽ ടാക്‌സി ഡ്രൈവറായി ഷെയ്ഖ് ജോലി ചെയ്‌തിരുന്നതായി പൊലീസിന് മറ്റൊരു സൂചന ലഭിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തുകയും താനെ റെയിൽവേ സ്‌റ്റേഷന് സമീപത്തുവച്ച് പിടികൂടുകയുമായിരുന്നു.
Read read : ഛോട്ടാ ഷക്കീലിന്‍റെ വിശ്വസ്ഥ ഷൂട്ടർ മുംബൈ പൊലീസിന്‍റെ പിടിയിൽ ; ഒളിവിൽ കഴിഞ്ഞത് 25 വർഷം