ഇടുക്കി: കുരുവിളാ സിറ്റിയിൽ വൻ മോഷണം. കുരുവിളാസിറ്റി, വാലയിൽ ബേബിയുടെ വീട്ടിലാണ് മോഷണം നടന്നത്. 15 പവൻ സ്വർണവും 6000 രൂപയുമാണ് കവർന്നത്. സ്വര്‍ണവും പണവും കവര്‍ന്ന ശേഷം ഇവരുടെ ബന്ധുവിനെ അടിച്ചുവീഴ്ത്തി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം. ബേബി മൂന്നാറിലും ഭാര്യ അജിത ജോലിക്കും പോയ സമയത്താണ് മോഷണം നടന്നത്. ഇവരുടെ ഇളയ മകൻ ബേസിൽ സ്കൂളിൽ പോയിരിക്കുകയായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞ് അജിതയും സ്‌കൂളില്‍ നിന്ന് മകൻ ബേസിലും ഒരുമിച്ചാണ് വീട്ടിൽ എത്തിയത്. വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു.
അകത്ത് കടന്നപ്പോൾ ആണ് ആസ്ബറ്റോസ് മേൽക്കൂര പൊളിഞ്ഞു കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണവും 6000 രൂപയും മോഷണം പോയതായി തിരിച്ചറിഞ്ഞു. അജിതയും മകനും ഒച്ച വച്ചതോടെ സമീപത്തുള്ള ബന്ധുവായ ഷൈനി ഓടിയെത്തി. കുളിമുറിയിൽ ഒളിച്ചിരുന്ന മോഷ്ടാവ് കയറുപയോഗിച്ച് ഷൈനിയെ അടിച്ചു വീഴ്ത്തിയ ശേഷം ഏല തോട്ടത്തിൽ കൂടി ഓടി രക്ഷപ്പെട്ടു. ഷൈനിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും മോഷ്ടാവ് രക്ഷപെട്ടിരുന്നു. ശാന്തൻപാറ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്‌ദരും സ്ഥലത്ത് എത്തി ശാസ്ത്രീയ പരിശോധന പൂർത്തിയാക്കി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചുവെന്നും ഉടൻ പിടികൂടുമെന്നും ശാന്തൻപാറ സിഐ ടി.ആർ.പ്രദീപ് കുമാർ പറഞ്ഞു.