വൈത്തിരിയിലെ റിസോർട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ നടന്ന വെടിവെപ്പിലാണ് രണ്ടു മാവോയിസ്റ്റുകളിൽ ഒരാൾ മരിച്ചതെന്നാണു റിപ്പോർട്ടുകൾ. വൈത്തിരിയിലെ റിസോർട്ടിൽ കടന്ന മാവോയിസ്റ്റുകൾ താമസക്കാരെ ബന്ദികളാക്കുകയായിരുന്നു. തുടർന്ന് ഇവർ പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു. റിസോർട്ട് നടത്തിപ്പുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തി മാവോയിസ്റ്റുകളെ നേരിട്ടത്.
ബുധനാഴ്ച രാത്രി എട്ടരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടു. രാവിലെ നടത്തിയ തിരച്ചിലിലാണ് റിസോർട്ടിന് സമീപത്ത് നിന്ന് മാവോയിസ്റ്റ് സംഘാംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കും പരുക്കേറ്റു. തണ്ടർബോൾട്ട് സംഘാംഗങ്ങൾ റിസോർട്ടിന് പുറത്തും അകത്തും കയറിയാണ് ഏറ്റുമുട്ടൽ നടത്തിയത്. ബഹളത്തിനിടെ മാവോയിസ്റ്റ് സംഘത്തിലെ ചിലർ സമീപത്തെ കാട്ടിലേക്ക് കടന്നുവെന്ന വിവരത്തെത്തുടർന്ന് അവിടെയും തിരച്ചിൽ നടത്തിയിരുന്നു. നടപടികളുടെ ഭാഗമായി പ്രദേശത്തേ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
വൈത്തിരി ലക്കിടിക്ക് സമീപം ഉപവൻ റിസോർട്ടിൽ ബുധനാഴ്ച രാത്രി എട്ടോടെയാണ് മാവോയിസ്റ്റുകൾ എത്തിയത്. അക്രമമുണ്ടായതിനെത്തുടർന്ന് ബെംഗളൂരു ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി നിറുത്തി വെച്ചു. അക്രമണ വിവരമറിയാതെ ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങൾ റിസോർട്ട് പരിസരത്തിന് ഗാതാഗതകുരുക്ക് ഉണ്ടായിരുന്നു.