കോട്ടയം : വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെ ഇറക്കി. ഇരാറ്റുപേട്ട സ്വദേശി പ്രദീപ് ആണ് രാവിലെ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. രാവിലെ ആറ് മണിയോടെയാണ് ഇയാള്‍ ടവറില്‍ കയറിയതെന്നാണ് സൂചന. എട്ടുമണിയോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. (A Young Man Who Climbed The Electricity Tower And Threatened To Commit Suicide Was Brought Down).
നിരവധി ആവശ്യങ്ങള്‍ മുഴക്കിയായിരുന്നു ആത്മഹത്യാഭീഷണി നടത്തിയത്. തനിക്ക് സ്വന്തമായി ഒരുവീടില്ലെന്നും, നിരവധി കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇയാള്‍ ടവറിന്‍റെ മുകളില്‍ നിന്നും വിളിച്ചുപറഞ്ഞിരുന്നു. മുഖ്യമന്ത്രിയോ, സുരേഷ് ഗോപിയോ സ്ഥലത്ത് എത്തിയാല്‍ മാത്രമെ താഴെയിറങ്ങുകയുള്ളുവെന്നും പ്രദീപ് ഭീഷണി മുഴക്കി.
മണിക്കൂറുകള്‍ ടവറിന്‍റെ മുകളില്‍ കയറിയിരുന്ന യുവാവിനെ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും, മറ്റു ജനപ്രതിനിധികളും ചേർന്ന് അനുനയിപ്പിക്കുകയായിരുന്നു. കിടങ്ങൂര്‍ പഞ്ചായത്തില്‍ വീട് വച്ച് നല്‍കാമെന്ന പ്രസിഡന്‍റ് ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് പ്രദീപ് ടവറില്‍ നിന്നും താഴെ ഇറങ്ങിയത്. പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിടങ്ങൂര്‍ പഞ്ചായത്തിന് സമീപ പഞ്ചായത്തിലെ താമസക്കാരനാണ് പ്രദീപ്. പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് മാര്‍ച്ചിനുള്ളില്‍ വീട് വയ്ക്കാനുള്ള അവസരം ഉണ്ടാക്കും.