എറണാകുളം: ലോക ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. നവംബർ ആറ് മുതൽ 12 വരെ കൊറിയയിൽ വച്ച് നടന്ന പതിനാലാമത് ലോക ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിലെ മെഡൽ കരസ്ഥമാക്കിയ കേരള താരങ്ങൾക്കാണ് സ്വീകരണം നൽകിയത് (Winners of the World Bodybuilding Championship). ഇന്ത്യയിൽ നിന്ന് മത്സരത്തിൽ പങ്കെടുത്ത 68 പേരിൽ ആറു പേർ കേരളത്തിൽ നിന്നായിരുന്നു.
മാസ്‌റ്റേഴ്‌സ് വിഭാഗത്തിൽ പീറ്റർ ജോസഫ് ഗോൾഡ് മെഡലാണ് കരസ്ഥമാക്കിയത്, സീനിയർ വിഭാഗത്തിൽ അശ്വിൻ ഷെട്ടി ഗോൾഡ് മെഡലും, എഴുപത്തിയഞ്ച് കിലോഗ്രാം വിഭാഗത്തിൽ ഫെലിക്‌സ് ജോയൽ സിൽവർമെഡലും നേടിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടാനായതിന്‍റെ സന്തോഷം മെഡൽ ജേതാക്കൾ പങ്കുവച്ചു. ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മലയാളികൾ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്‌ചവച്ചതെന്ന് ഇന്ത്യൻ ബോഡി ബിൽഡ് ഫെഡറേഷൻ പ്രസിഡന്‍റ് ടി.വി പോളി പറഞ്ഞു.
2019 ൽ വൈറ്റ് ലിഫ്റ്റിങിൽ ഗോൾഡ് മെഡൽ നേടിയ തനിക്ക് മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ബോഡി ബിൽഡിങിലും മെഡൽ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മെഡൽ ജേതാവായ പീറ്റർ ജോസഫ് പറഞ്ഞു.