എറണാകുളം: കൊവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാര്‍ വികസിപ്പിച്ച വാക് ഇന്‍ സിമ്പിള്‍ കിയോസ്‌ക് എന്ന വിസ്‌ക് പ്രതിരോധ വകുപ്പും ഏറ്റെടുത്തിരിക്കുകയാണ്. മെഡിക്കല്‍ കോളജിന്‍റെ സഹായത്തോടെ എക്കണോ വിസ്‌ക് എന്ന് പേരിട്ടിരിക്കുന്ന വിസ്‌കിന്‍റെ നവീകരിച്ച മാതൃകയാണ് പ്രതിരോധ വകുപ്പിന് കീഴില്‍ വരുന്ന ഡിഫെന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ്പ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയിട്ടുള്ളത്. നേവല്‍ ഫിസിക്കല്‍ ആന്‍റ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയില്‍ പുതിയ വിസ്‌കിലെ മര്‍ദ ക്രമീകരണങ്ങളും വായു സഞ്ചാരവും ഉള്‍പ്പടെ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളത്. വിസ്ക് നേവിയുടെ സഞ്ജീവനി ആശുപത്രിയിലെത്തിച്ചു. നാവിക സേനയിൽ പ്രതിരോധം ഉറപ്പാക്കലാണ് പുതിയ വിസ്‌കിന്‍റെ ആദ്യ ദൗത്യം.
ഹെലികോപ്റ്ററുകളിൽ ഘടിപ്പിക്കാവുന്ന വിസ്‌ക് 2 സായുധ സേനയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഴിച്ചെടുക്കാവുന്നതും മടക്കാവുന്നതുമായ പുതിയ വിസ്‌കിനെ ഹെലികോപ്റ്റർ വഴി ഐ എൻ എസ് സഞ്ജീവനിയിൽ എത്തിച്ചാണ് ആദ്യ പരീക്ഷണം നടത്തിയത്. കളമശ്ശേരി മെഡിക്കൽ കോളജിലെ ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ, അഡിഷണൽ ജില്ല മെഡിക്കൽ ഓഫീസർ ഡോ. വിവേക് കുമാർ, ആർദ്രം ജില്ല അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ, എ.ആർ.എം.ഒ ഡോ. മനോജ് എന്നിവരുടെ മേൽനോട്ടത്തിലാണ് പുതിയ വിസ്‌കും നിർമിച്ചിട്ടുള്ളത്. രണ്ട് മിനിറ്റിൽ താഴെ സമയം കൊണ്ട് സാമ്പിൾ ശേഖരണം സുരക്ഷിതമായി പൂർത്തിയാക്കാം എന്നതാണ് വിസ്‌കിന്‍റെ പ്രധാന സവിശേഷത. ഇതിനകം അന്തർദേശീയ ശ്രദ്ധ നേടിയ വിസ്കിനെ പ്രതിരോധ സേനയിൽ കൂടി ഉപയോഗിക്കുന്നതോടെ, കൊവിഡ് പരിശോധനയുടെ പ്രധാന ഭാഗമാവുകയാണ് വിസ്ക് മാതൃക.