എറണാകുളം: കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ സമരത്തിനൊരുങ്ങി പിണ്ടിമന നിവാസികൾ. വർഷങ്ങളായി പിണ്ടിമന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്. വ്യാപകമായി കൃഷിനാശവും കന്നുകാലികളെ ആക്രമിക്കുന്നതും പതിവായ സാഹചര്യത്തിൽ ഇത് തടയാൻ വനം വകുപ്പോ നഷ്‌ടപരിഹാരം നൽകാൻ കൃഷി, മൃഗസംരക്ഷണ വകുപ്പുകളോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.
പഞ്ചായത്തിലെ വെറ്റിലപ്പാറയിൽ തങ്കച്ചന്‍റെ അരയേക്കറിലെ കപ്പകൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. കൃഷിയിടത്തിലെ കയ്യാലയും കമ്പിവേലിയും ഇരുമ്പു ഗേറ്റുമെല്ലാം ആനകൾ തകർത്തതായും പരാതിയുണ്ട്.
ദുരിതമനുഭവിക്കുന്ന കൃഷി, ക്ഷീര കർഷകരുടെ പ്രശ്‌നത്തിനു പരിഹാരം കാണാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്ഥലം സന്ദർശിച്ച യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം അറിയിച്ചു. ആനശല്യത്തിൽ നിന്നു കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: കാട്ടാന ശല്യം രൂക്ഷം; അണക്കരമെട്ടില്‍ വ്യാപക കൃഷി നാശം