എറണാകുളം: ചാരുപാറ– പോത്തുപാറ വനമേഖലയിൽ കാട്ടുപന്നിയെ വെടിവച്ചു കൊന്ന കേസിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. സംഭവത്തിൽ ആവോലിച്ചാൽ മണ്ഡപത്തിൽ പീറ്റർ (50), ചാരുപാറ കുമ്പാട്ട് പോൾ (67) എന്നിവരെയാണ് വനം വകുപ്പ് അധികൃതർ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. നാടൻ തോക്കും മറ്റൊരു കെണിയും കുമ്പാട്ട് പോളിൻ്റെ വീട്ടിൽ നിന്നും മാനിൻ്റെ കൊമ്പ്, തോട്ട, വെടിമരുന്ന് എന്നിവ ഒളിവിലായ വെങ്ങാപ്പള്ളി ഡെന്നിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. കാട്ടിൽ നായാട്ടു നടത്തുന്നതിനു വേണ്ടി പീറ്ററിന് ഡെന്നിയാണ് ചാരുപാറയിൽ വീട് ഏർപ്പാടാക്കി കൊടുത്തിട്ടുള്ളത്.
ഇവരെ കൂടാതെ മറ്റു ചിലരും വനംവകുപ്പിൻ്റെ നിരീക്ഷണത്തിലാണ്. കേസിൽ അറസ്റ്റിലായ പ്രതികളെ മോചിപ്പിക്കുവാൻ ശ്രമിക്കുകയും സർക്കാർ മുതൽ നശിപ്പിച്ച് ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വനം വകുപ്പ് പൊലീസിൽ നൽകിയ പരാതിയിൻ മേൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.