എറണാകുളം: കോതമംഗലം മണ്ഡലത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സിനായുള്ള "വൈറ്റ് ബോർഡ് പദ്ധതി" ആരംഭിച്ചതായി ആന്‍റണി ജോൺ എംഎൽഎ അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന 1096 വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സികൾക്കുള്ള സൗകര്യം ഒരുക്കും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികളിൽ എത്തിക്കുകയാണ് ലക്ഷ്യം.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള നിർദേശങ്ങൾ അടങ്ങുന്ന തരത്തിലാണ് വീഡിയോ ക്രമീകരിക്കുന്നത്. ക്ലാസ്സുകൾ ഓഡിയോ രൂപത്തിലും തയ്യാറാക്കും. കുട്ടികൾക്ക് വർക്ക് ഷീറ്റുകളും നൽകും. അധ്യാപകരുടെ ടെലഗ്രാം ചാനൽ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ബിആർസിയിലെ അധ്യാപകരാണ് ഓരോ ക്ലാസ്സുകളിലെയും പാഠഭാഗങ്ങൾ തയ്യാറാക്കിയത്. ഇത് പ്രാദേശിക വാട്സ്ആപ്പ് കൂട്ടായ്മ വഴി കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കും. അധ്യാപകർ വീടുകളിലെത്തി വർക്ക് ഷീറ്റ് പ്രവർത്തനങ്ങൾ അടക്കമുള്ള പരിശീലനം കുട്ടികൾക്ക് നൽകും. ഓൺലൈൻ ക്ലാസും, വീടുകളിലെത്തിയുള്ള പരിശീലനവും പദ്ധതിയുടെ ഭാഗമായി തുടരുമെന്നും ആന്‍റണി ജോൺ അറിയിച്ചു.