എറണാകുളം: വിസ്‌മയ കേസിൽ പ്രതിയായ ഭർത്താവ് എസ്. കിരൺ കുമാർ വിചാരണക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതിയിൽ ഒരുമാസം കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്‌മയ ജീവനൊടുക്കിയ കേസിൽ, നാല് മാസം നീണ്ട വിചാരണയ്‌ക്കൊടുവിൽ കഴിഞ്ഞ മേയിലാണ് വിചാരണക്കോടതി വിധി പറഞ്ഞത്.
എന്നാൽ മതിയായ തെളിവില്ലാതെയാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നും ശിക്ഷ അടിയന്തരമായി സസ്‌പെൻഡ് ചെയ്യണമെന്നും അപ്പീലിൽ പറയുന്നു. ശിക്ഷ സസ്പെൻഡ് ചെയ്‌ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും ഇതോടൊപ്പം നൽകിയിട്ടുണ്ട്. ആയുർവേദ മെഡിക്കൽ വിദ്യാർഥിനിയായിരുന്ന വിസ്‌മയ ഭർതൃവീട്ടിലെ പീഡനങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്‌ത കേസിൽ കിരണിന് പത്ത് വർഷം കഠിന തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലം അഡി. സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
മോട്ടോർ വാഹന വകുപ്പിൽ അസി. വെഹിക്കിൾ ഇൻസ്‌പെക്‌ടറായിരുന്ന കിരണിന്‍റെയും വിസ്‌മയയുടെയും വിവാഹം 2020 മേയ് 20നാണ് നടന്നത്. വിവാഹ സമ്മാനമായി ലഭിച്ച കാറിൽ തൃപ്‌തനല്ലാത്തതിനാലും വാഗ്‌ദാനം ചെയ്‌ത സ്വർണം ലഭിക്കാത്തതിനാലും, പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെത്തുടർന്ന് വിസ്‌മയ ജീവനൊടുക്കിയെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്.