എറണാകുളം: വീണ വിജയന്‍റെ മാസപ്പടി വിവാദത്തില്‍ ഇഡി അന്വേഷണം നടന്നിട്ടുണ്ടോയെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് എല്ലാമറിയാമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍ (Monthly Quota Controversy).
വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇഡിയോട് ചോദിക്കുന്നതിനേക്കാൾ എനിക്ക് എളുപ്പം മുഖ്യമന്ത്രിയോട് ചോദിക്കുന്നതാണ്. തന്‍റെ ചോദ്യം എളുപ്പമാണ്. ഇ.ഡി അന്വേഷണം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറയട്ടെയെന്നും വിഡി സതീശൻ പറഞ്ഞു (VD Satheesan Criticized CM).
വീണയുടെ കമ്പനി സർവീസ് നൽകിയിട്ടില്ലെന്ന് സിഎംആർഎൽ കമ്പനി തന്നെ പറഞ്ഞിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് ഇടപാടുകൾ നടന്നതെന്നും വിഡി സതീശൻ ആരോപിച്ചു. ഈ രണ്ട് കമ്പനിയും തമ്മിൽ ഒരു ചേർച്ചയുമില്ല. വീണയുടെ കമ്പനി ജിഎസ്‌ടി അടച്ചോയെന്നത് മാസപ്പടി ആരോപണത്തെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു (Veena Vijayan Monthly Quota Controversy).
സേവനം നൽകാതെ പണം കൈമാറ്റം നടന്നുവെന്നതാണ് പ്രധാന കേസ്. മാസപ്പടി സംബന്ധിച്ച് തങ്ങൾ ചുമതലപ്പെടുത്തിയത് അനുസരിച്ചാണ് മാത്യു കുഴൽ നാടൻ എംഎല്‍എ ഈ വിഷയം ആദ്യമായി ഏറ്റെടുത്തത്. തങ്ങൾക്ക് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാത്തിലാണ് നിയമ നടപടിയുമായി മാത്യു മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിക്കൽ സർവീസസ് കോർപറേഷനിലെ ക്രമക്കേടിന് മുഖ്യമന്ത്രി ഉത്തരം പറയണമെന്നും
പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മെഡിക്കൽ സർവീസ് കോർപറേഷനുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. മരുന്നുകളുടെ കാലാവധിയുമായി ബന്ധപ്പെട്ട വലിയ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ട്. 26 ആശുപത്രികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്‌തു.
483 ആശുപത്രികൾക്ക് നിലവാരമില്ലാത്തതിനാൽ നിർത്തി വച്ച മരുന്നുകൾ വിതരണം ചെയ്‌തു. ഗുണനിലവാരമില്ലാത്ത "ചാത്തൻ മരുന്നുകളാണ്" മെഡിക്കൽ സർവീസസ് കോർപറേഷൻ നൽകിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സപ്ലൈകോ നഷ്‌ടത്തിലെന്ന് പ്രതികരണം: സപ്ലൈകോയിലെ 13 അവശ്യ സാധനങ്ങളുടെ ടെൻഡര്‍ രണ്ട് മാസമായി നടത്തിയിട്ടില്ല. കിറ്റ് നൽകിയതിന്‍റെയും കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകിയതിന്‍റെയും പണം സപ്ലൈകോയ്ക്ക് സർക്കാർ നൽകിയിട്ടില്ല. 3000ത്തിലധികം കോടി രൂപയുടെ നഷ്‌ടത്തിലാണ് സപ്ലൈകോയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ മാനേജ്മെന്‍റിന് ഒരു മാസം ലക്ഷങ്ങളാണ് മുടക്കുന്നത്.
12 അംഗ ടീമിന് ഒരു വർഷം 80 ലക്ഷത്തോളം രൂപ ചെലവഴിക്കുന്നുണ്ട്. ഒരു മാസം വളരെ കുറച്ച് പോസ്റ്റുകൾ മാത്രമാണ് ഇവർ ചെയ്യുന്നത്. ഇതിനാണ് ഇത്രയും വലിയ തുക മുടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ വലിയ ധൂർത്തിന് നേതൃത്വം നൽകുകയാണ്. ഇവരാണ് കോൺഗ്രസ് പാർട്ടിയുടെ യോഗത്തിൽ ഒരു പിആർ വിദഗ്‌ധൻ വന്നതിനെ വിമർശിക്കുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.