എറണാകുളം: സെമിനാറിനിടെ പാമ്പിനെ പ്രദർശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് എടുത്ത കേസിൽ വാവ സുരേഷിന് മുൻകൂർ ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി വാവ സുരേഷിന് മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം ഇക്കഴിഞ്ഞ നവംബർ 28 ന് കോഴിക്കോട് മെഡിക്കൽ കോളജിൽ സംഘടിപ്പിച്ച സെമിനാറിൽ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്തതിനെ തുടർന്നായിരുന്നു താമരശ്ശേരി ഫോറസ്‌റ്റ് റെയിഞ്ച് ഓഫിസർ അദ്ദേഹത്തിനെതിരെ കേസെടുത്തത്.
അന്വേഷണവുമായി സഹകരിക്കണം. ജനുവരി ആറിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി ചോദ്യം ചെയ്യലിന് വിധേയനാകണം. അറസ്‌റ്റ് ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടാനുമാണ് ജസ്‌റ്റിസ് വിജു എബ്രഹാമിന്‍റെ ഉത്തരവ്. അറസ്‌റ്റുണ്ടായാൽ 50,000 രൂപയുടെ ബോണ്ട്, തത്തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെ ജാമ്യം നൽകാനാണ് കോടതി നിർദേശം.