കൊച്ചി: വാളയാറിൽ സഹോദരിമാർ മരിച്ച കേസിൽ പ്രതികളെ വിട്ടയച്ച പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ പെൺകുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. പോക്സോ കോടതി വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. രക്ഷിതാക്കൾക്കോ സർക്കാരിനോ വിധിക്കെതിരെ അപ്പീൽ നൽകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടുംബം അപ്പീൽ നൽകിയാൽ എതിർക്കേണ്ടതില്ലന്നാണ് സർക്കാരിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം കോടതിയെ സമീപിച്ചാൽ എല്ലാവിധ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. അതേസമയം പോക്സോ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുന്ന കാര്യം ഇതുവരെയും തീരുമാനമായിട്ടില്ല. ഒക്ടോബർ 25 നാണ് വാളയാർ കേസിലെ പ്രധാന പ്രതികളെയെല്ലാം പോക്സോ കോടതി കുറ്റവിമുക്തരാക്കിയത്.