എറണാകുളം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ നിയമപ്രകാരം അറസ്റ്റിലായ അലൻ ശുഹൈബിന്റെയും താഹാ ഫസലിന്റെയും ജാമ്യപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. ഇരുവരുടെയും ജാമ്യഹർജി നവംബർ പതിനാലിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും. യുഎപിഎ ചുമത്തുന്നതിനാവശ്യമായ തെളിവുകളില്ലെന്നും നിയമവിദ്യാർഥിയായ താൻ മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അലൻ നൽകിയ ജാമ്യഹർജിയിൽ പറയുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധപെടുത്തുന്ന തെളിവുകളില്ല. കസ്റ്റഡി സമയത്ത് വീട്ടിൽ നിന്നും മൊബൈൽ ഫോൺ മാത്രമാണ് പിടിച്ചെടുത്തതെന്നും അലൻ ജാമ്യഹർജിയിൽ വ്യക്തമാക്കി.
പുസ്‌തകങ്ങള്‍ പിടിച്ചെടുത്തത് മാവോയിസ്റ്റ് ബന്ധത്തിന് തെളിവല്ലെന്നാണ് താഹാ ഫസലിന്റെ വാദം. ജേർണലിസം വിദ്യാർഥിയായ താൻ പലതരത്തിലുള്ള പുസ്‌തകങ്ങള്‍ വായിക്കാറുണ്ട്. ഇങ്ക്വിലാബ് സിന്ദാബാദ്, മവോയിസം ജയിക്കട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ ഏതെങ്കിലും സംഘടനയുമായി ബന്ധപ്പെടുത്തുന്ന തെളിവല്ലെന്നുമാണ് താഹയുടെ ജാമ്യഹർജിയിൽ വ്യക്തമാക്കുന്നത്. ഇരുവരുടെയും ഹർജിയിൽ വാദങ്ങളിലേക്ക് കടക്കാതെ സർക്കാരിന്‍റെ വിശദീകരണം ചോദിച്ചാണ് ഹർജി പരിഗണിക്കുന്നത് പതിനാലാം തിയതിയിലേക്ക് മാറ്റിയത്. ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.