എറണാകുളം: ഭാര്യയുടെ മരണം സംബന്ധിച്ച പരാതിയില്‍ നടൻ ഉണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് ഉണ്ണിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം തുടങ്ങി വകുപ്പുകളാണ് ഉണ്ണിക്കെതിരെ ചുമത്തിയിട്ടുള്ളത്.
നെടുമങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അങ്കമാലിയിലെ വീട്ടിലെത്തി ഉണ്ണിയെ കസ്റ്റഡിയിലെടുത്തത്. ഉണ്ണിയെ കാക്കനാട് ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉണ്ണിയുടെ അമ്മയെയും പ്രതി ചേർത്തിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആയതിനാൽ തൽക്കാലം കസ്‌റ്റഡിയിൽ എടുക്കില്ല. തെളിവെടുപ്പ് പൂർത്തിയാക്കി ഉണ്ണിയെ നെടുമങ്ങാടേക്ക് കൊണ്ടുപോയി.
കൂടുതൽ വായനയ്ക്ക്: രാജന്‍ പി.ദേവിന്‍റെ മകന്‍റെ ഭാര്യയുടെ ആത്മഹത്യയിൽ ആരോപണവുമായി ബന്ധുക്കൾ
ഉണ്ണിയുടെ ഭാര്യ പ്രിയങ്ക തിരുവനന്തപുരം വട്ടപ്പാറയിലെ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്‌തിരുന്നു. കഴിഞ്ഞ 13നാണ് പ്രിയങ്കയെ വെമ്പായത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള ഗാര്‍ഹിക പീഡനമാണെന്ന് ആരോപിച്ച് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം പ്രിയങ്കയും വട്ടപ്പാറ പൊലീസില്‍ ഉണ്ണിക്കെതിരെ പരാതി നല്‍കിയിരുന്നു. മർദനമേറ്റതിന്‍റെയും അസഭ്യം പറയുന്നതിന്‍റെയും ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെ പ്രിയങ്ക വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. മുൻപ് പ്രിയങ്ക അങ്കമാലി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
കൂടുതൽ വായനയ്ക്ക്: പ്രിയങ്കയുടെ മരണം, സ്വമേധയ കേസെടുത്ത് വനിത കമ്മിഷന്‍
ഉണ്ണിയുടെ ഭീഷണിയെ തുടര്‍ന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്‌തതെന്ന് കുടുംബം ആരോപിക്കുന്നു. പരാതി ലഭിച്ചിട്ടും പൊലീസിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്നും സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് വട്ടപ്പാറ പൊലീസ് അങ്കമാലിയിലെത്തി ഉണ്ണിയെ കസ്റ്റഡിയില്‍ എടുത്തത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യും. അന്തരിച്ച നടൻ രാജന്‍ പി ദേവിന്‍റെ മകനാണ് ഉണ്ണി രാജന്‍ പി ദേവ്.