എറണാകുളം: പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് എം.ആർ. അജിതയുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. നേരത്തെ പ്രതികളുടെ ജാമ്യപേക്ഷ പരിഗണിച്ച ജഡ്‌ജിയുൾപ്പെടുന്ന ബെഞ്ചിൽ നിന്നും ഹർജി മാറ്റണമെന്ന ആവശ്യത്തെ തുടർന്നായിരുന്നു തീരുമാനം. ഇന്ന് പുതിയ ബെഞ്ചായിരിക്കും അപ്പീൽ ഹർജി പരിഗണിക്കുക. പത്തു മാസത്തെ ജയിൽവാസത്തിന് ശേഷമാണ് കർശന ഉപാധികളോടെ അലൻ ശുഹൈബിനും താഹാ ഫസലിനും കഴിഞ്ഞ ബുധനാഴ് എൻ.ഐ.എ കോടതി ജാമ്യം നൽകിയത്.
എന്നാൽ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിന് തെളിവുകളുണ്ടെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് എൻ.ഐ.എ ആവശ്യപ്പെടുന്നത്. പ്രതികൾക്കെതിരായ തെളിവുകൾ വിലയിരുത്തുന്നതിൽ വിചാരണ കോടതിക്ക് വീഴ്ച സംഭവിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ് വഴക്കത്തിന് കാരണമാകുമെന്നും എൻ.ഐ.എ ഹർജിയിൽ വ്യക്തമാക്കുന്നു. നേരത്തെ ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് വരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ആവശ്യവും വിചാരണ കോടതി തള്ളിയിരുന്നു. പ്രതികൾ മാവേയിസ്റ്റ് സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് തെളിവില്ലെന്ന നിരീക്ഷണവും വിചാരണ കോടതി നടത്തിയിരുന്നു.