എറണാകുളം: കൊച്ചിയിൽ ബാറിൽ മദ്യപിച്ച ശേഷം വെടിയുതിർത്ത സംഭവത്തിൽ പ്രതികള്‍ക്കെതിരെ ആയുധ നിയമപ്രകാരവും വധശ്രമത്തിനും കേസെടുത്തതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. പ്രതികളിലൊരാൾ ക്രിമിനൽ കേസിൽ നേരത്തെ പ്രതിയാണ്. പ്രതി ഉപയോഗിച്ച തോക്കും, വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. തോക്കിന്‍റെ ലൈസൻസ് ഓണറായ കൂടെയുണ്ടായിരുന്ന അഭിഭാഷകനെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതികൾ ബാറിൽ നടത്തിയത് ഒരു പ്രകടനമായിരുന്നു. പൊലീസ് ഈ സംഭവത്തെ ഗുരുതരമായാണ് കാണുന്നത്. ആർക്കെങ്കിലും വെടിയേറ്റിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു. ബാറിന്‍റെ മാനേജർ എത്തിയതിന് ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്.
ബാറുടമകൾ പരാതി നൽകാൻ വൈകിയതിനെ കുറിച്ചും അന്വേഷിക്കും. ലൈസൻസ് ഉള്ള റിവോൾവറാണ് വെടിവയ്‌പ്പിന് ഉപയോഗിച്ചത്. ലൈസൻസ് നിയമ പ്രകാരം ഇത് മറ്റൊരാൾക്ക് കൈമാറുന്നത് നിയമ ലംഘനമാണന്നും പൊലീസ് കമ്മിഷണർ ചൂണ്ടികാണിച്ചു.
ഗിരിനഗറിൽ നേപ്പാൾ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന കൂടെ താമസിച്ചിരുന്നയാളുടെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയതായും കമ്മിഷണര്‍ അറിയിച്ചു. പ്രതി നേപ്പാളിലേക്ക് കടന്നിരിക്കാൻ സാധ്യതയുണ്ട്. അതിർത്തി സേനയെ കേസ് അറിയിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട യുവതിയും പ്രതിയും ഒരുമിച്ചാണ് കൊച്ചിയിൽ താമസിച്ചിരുന്നതെങ്കിലും ഇവർ വിവാഹിതരായിരുന്നില്ല. പ്രതി പല പേരുകളാണ് ഉപയോഗിച്ചിരുന്നത്. എന്ത് കൊണ്ടാണ് ഇത്തരത്തിൽ ഉപയോഗിച്ചതെന്നും പരിശോധിക്കുന്നു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു.