എറണാകുളം: തൃപ്പൂണിത്തുറയില്‍ പ്ലസ് വൺ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതികളായ അധ്യാപകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പോക്‌സോ കേസ് മറച്ചു വയ്ക്കാന്‍ ശ്രമിച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. പ്രിൻസിപ്പൽ ശിവകല, അധ്യാപകരായ ജോസഫ്, ഷൈലജ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തത്.
പ്രതിയായ കിരൺ എന്ന അധ്യാപകനെ രക്ഷപ്പെടാൻ സഹായിച്ചുവെന്നും, കേസ് ഒതുക്കിതീർക്കാർ ശ്രമിച്ചു എന്നതുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അധ്യാപകര്‍ കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തി പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. സ്‌കൂളിന്‍റെ പേര് കളങ്കപ്പെടുമെന്ന് ഭയപ്പെട്ടിനെ തുടര്‍ന്നായിരുന്നു പരാതി പിന്‍വലിപ്പിക്കാന്‍ അധ്യാപകര്‍ ശ്രമിച്ചത്.
അധ്യാപകൻ ലൈഗികാതിക്രമം നടത്തിയതായി ആരോപിച്ച് തൃപ്പൂണിത്തുറയിലെ പ്ലസ് വൺ വിദ്യാർഥിനി അധ്യാപകനെതിരെ പരാതി നൽകിയിരുന്നു. കലോത്സവം കഴിഞ്ഞ് മടങ്ങവെയാണ് അധ്യാപകൻ മോശമായി പെരുമാറിയതെന്നാണ് പെൺകുട്ടിയുടെ ആരോപണം.
വിദ്യാർഥിനിയുടെ പരാതിയിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
ഇതോടെ ആരോപണ വിധേയനായ അധ്യാപകൻ കിരൺ ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാഗർകോവിലെ ബന്ധുവീട്ടിൽ നിന്നും പ്രതിയായ അധ്യാപൻ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തിരുന്നു.