എറണാകുളം: പട്ടയഭൂമിയിലെ അനധികൃത മരംമുറി കേസുമായി ബന്ധപ്പെട്ട് വനംവകുപ്പിന്‍റെ നടപടികൾ തുടരാമെന്ന് ഹൈക്കോടതി. മരം കണ്ടുകെട്ടുന്നത് തടയണമെന്ന ആവശ്യം കോടതി തള്ളി. കാസർകോട് നെട്ടണിജെ വില്ലേജിലെ പട്ടയഭൂമിയിൽ നിന്ന് വെട്ടിയെടുത്ത ഈട്ടിത്തടി വനംവകുപ്പ് കണ്ടുകെട്ടുന്നതു തടയണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്.
വെട്ടിയ ഈട്ടിത്തടികൾ തങ്ങൾക്കു ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പട്ടയമുടമകളായ ലിസമ്മ വർഗീസ്, ദേവകി, മഹാലിംഗ ഭട്ട് എന്നിവർ നൽകിയ ഹർജികളിലെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. പട്ടയഭൂമിയിൽ നിന്ന് മരം വെട്ടാൻ അനുമതി നൽകുന്ന 2020 ഒക്ടോബർ 24 ലെ ഉത്തരവ് പ്രകാരമാണ് മരം മുറിച്ചതെന്നു ഹർജിക്കാർ വാദിച്ചെങ്കിലും വ്യാപകമായി ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയതോടെ ഈ ഉത്തരവ് കഴിഞ്ഞ ഫെബ്രുവരിയിൽ പിൻവലിച്ചെന്ന് സർക്കാർ അറിയിച്ചു.
ഹര്‍ജിക്കാര്‍ക്കെതിരെ വാദങ്ങളുമായി വനംവകുപ്പ്
പട്ടയം ലഭിച്ചശേഷം നട്ടുപിടിപ്പിച്ച മരങ്ങൾ, പട്ടയം ലഭിച്ചശേഷം ഭൂമിയിൽ കിളിർത്തു വന്ന മരങ്ങൾ, പട്ടയം ലഭിക്കുന്ന സമയത്ത് പണമടച്ച് റിസർവ് ചെയ്ത മരങ്ങൾ എന്നിവ വെട്ടാൻ ഭൂവുടമയ്‌ക്ക് അധികാരമുണ്ടെന്നാണ് സർക്കാരിന്റെ ഉത്തരവിലുണ്ടായിരുന്നത്. ഈ മൂന്നു വിഭാഗങ്ങളിലുമുൾപ്പെടാത്ത മരങ്ങൾ വെട്ടിയതിനാൽ ഹർജിക്കാർക്ക് സർക്കാർ ഉത്തരവിന്‍റെ ആനുകൂല്യം അവകാശപ്പെടാൻ കഴിയില്ലെന്ന് വനംവകുപ്പ് വാദിച്ചു.
പട്ടയം ലഭിക്കുന്ന സമയത്ത് പണമടച്ചു റിസർവ് ചെയ്യാതെ ഈ മരങ്ങൾ മുറിക്കാനാവില്ലെന്നും വനം വകുപ്പ് വിശദീകരിച്ചു. തുടർന്നാണ് മരങ്ങൾ വനം വകുപ്പ് കണ്ടു കെട്ടുന്നതു തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചത്. ഹർജി രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കാൻ മാറ്റിവെച്ചു.
ALSO READ: തൊഴിലുറപ്പാക്കാൻ പദ്ധതി; നൂറുദിന കര്‍മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി