എറണാകുളം: മുട്ടിൽ വനം കൊള്ള അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം തടയണമെന്ന ആവശ്യവുമായാണ് കേസിലെ പ്രതികളിലൊരാളായ ആന്‍റോ അഗസ്റ്റിൻ ഹൈക്കോടതിയിലെത്തിയത്.
ഉന്നതർക്ക് ബന്ധമുണ്ടെന്നും മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നതെന്നും വനംവകുപ്പിന്‍റെ അന്വേഷണം മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഇത് അംഗീകരിച്ചുകൊണ്ടാണ് അന്വേഷണം സ്റ്റേ ചെയ്യണമന്ന പ്രതികളുടെ ആവശ്യം കോടതി നിരസിച്ചത്.
റവന്യൂ വകുപ്പിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മരം മുറിച്ചെതെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. എന്നാൽ സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് പ്രതികൾ മരം മുറിച്ചതെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
മരം മുറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തുവന്നും മരം മുറിക്കാൻ അനുമതി നൽകിയത് ഏത് സാഹചര്യത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി നിർദേശിച്ചു