എറണാകുളം : തൃക്കാക്കരയിലെ ആവേശപ്പോരിൽ യുഡിഎഫ് തരംഗം. 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് മണ്ഡലം നിലനിർത്തി. മണ്ഡലത്തിലെ മുൻഗാമികളായ ബെന്നിബെഹ്‌നാനെയും, പി.ടി തോമസിനെയും മറികടന്നാണ് ഉമയുടെ ഉജ്ജ്വല വിജയം. 2011 ൽ ബെന്നി ബെഹ്‌നാൻ 22406 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയപ്പോള്‍, 14329 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു 2021ൽ മണ്ഡലത്തിൽ പി.ടി.യുടെ സമ്പാദ്യം.
72770 വോട്ടുകള്‍ ഉമ തോമസ് പിടിച്ചെടുത്തപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ഇടത് സ്ഥാനാർഥി ജോ ജോസഫിന് 47,754 വോട്ടുകള്‍ നേടാനേ സാധിച്ചുള്ളൂ. 12957 വോട്ടുകള്‍ നേടിയ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിൽപ്പോലും ഇടത് സ്ഥാനാർഥി ജോ ജോസഫിന് ഉമ തോമസിനെ മറികടക്കാനായില്ല. ഓരോ റൗണ്ടിലും ലീഡുയർത്തിയ യുഡിഎഫ് സ്ഥാനാർഥി പി.ടി തോമസിനേക്കാള്‍ ഭൂരിപക്ഷം നേടിയാണ് മണ്ഡലം നിലനിർത്തിയത്. ആദ്യ മൂന്ന് റൗണ്ടുകളിൽ തന്നെ 2021ൽ പി.ടി നേടിയ ലീഡ് ഉമ മറികടന്നു.
യുഡിഎഫ്- എൽഡിഎഫ് കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിൽ ആദ്യ നാല് റൗണ്ടുകളിൽ തന്നെ ട്രെൻഡ് വ്യക്തമായിരുന്നു. മുഖ്യമന്ത്രിയും എംഎൽഎമാരും ക്യാമ്പ് ചെയ്‌ത് നടത്തിയ പ്രവർത്തനങ്ങള്‍ക്കും ഇടതിനെ രക്ഷിക്കാനായില്ല. അപ്രതീക്ഷിത മുഖമായ ജോ ജോസഫ് അത്ഭുതങ്ങള്‍ ഒന്നും സൃഷ്‌ടിക്കാതെ പോരാട്ടം അവസാനിപ്പിച്ചു.
പി.ടി തോമസ് തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് ഉമ തോമസും യുഡിഎഫും പ്രചാരണങ്ങളെ മണ്ഡലം പൂർണമായും നെഞ്ചിലേറ്റി. രാവിലത്തെ പതിവുനടത്തവും അതിനൊപ്പം വോട്ട് അഭ്യർഥിക്കലും ഉമ തോമസിനെ അതിവേഗം ആളുകൾക്കിടയില്‍ സ്വീകാര്യയാക്കി. തൃക്കാക്കര മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമായിരുന്നു ഇത്തവണത്തേത് 68.77 ശതമാനം.
കഴിഞ്ഞ തവണ പി.ടി തോമസിന് മികച്ച ലീഡ് ലഭിച്ച കൊച്ചി കോർപറേഷൻ മേഖലയിൽ ഇത്തവണ പോളിങ് കുറഞ്ഞത് യുഡിഎഫ് ക്യാമ്പിൽ ആശങ്കയുണ്ടാക്കിയിരുന്നെങ്കിലും ഇവിടെ ഉമ തോമസ് മികച്ച മുന്നേറ്റം നടത്തി എന്നതും ശ്രദ്ധേയം. പരമ്പരാഗത വോട്ട് ബാങ്കായ ന്യൂനപക്ഷ വോട്ടുകളും മുന്നണിയെ കൈവിട്ടില്ല. എകെ ആന്‍റണി, കെസി വേണുഗോപാല്‍, കെ സുധാകരൻ, വിഡി സതീശൻ അടക്കമുള്ള മുഴുവൻ നേതാക്കളും യുഡിഎഫ് കോട്ട നിലനിർത്താൻ പ്രചാരണവുമായി മുന്നില്‍ നിന്നപ്പോൾ ഉമ തോമസിന് കരുത്ത് കൂടി.
മുൻപെങ്ങുമില്ലാത്ത വിധം എല്‍ഡിഎഫ് നടത്തിയ പ്രചാരണത്തെ നേരിടാൻ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതോടെ എല്‍ഡിഎഫ് പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു.