കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ മൂന്ന് പ്രതികള്‍ക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയും കലക്‌ടറേറ്റിലെ ജീവനക്കാരനുമായ വിഷ്‌ണു പ്രസാദ്, രണ്ടാം പ്രതി മഹേഷ്, ആറാം പ്രതിയും സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ നിതിൻ എന്നിവർക്കാണ് ബുധനാഴ്‌ച ജാമ്യം ലഭിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്‌ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജാമ്യം അനുവദിച്ചത്. അതേസമയം കേസിലെ മറ്റ് പ്രതികളായ സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ അംഗം അൻവറിനേയും ഭാര്യയേയും ഇതുവരെ അറസ്റ്റു ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
പ്രളയ ഫണ്ടിന്‍റെ ചുമതലയുണ്ടായിരുന്ന വിഷ്‌ണു പ്രസാദ് സി.പി.എം പ്രദേശിക നേതാവായ അൻവറിന്‍റെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം കൈമാറിയെന്ന് ജില്ലാ കലക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. സി.പി.എം തൃക്കാക്കര ഈസ്റ്റ് ലേക്കൽ കമ്മിറ്റി മുൻ അംഗം നിതിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്കും സമാനമായ രീതിയിൽ പ്രളയ ഫണ്ട് കൈമാറിയിരുന്നു. അതേസമയം പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കലക്ടറേറ്റിലെ ആഭ്യന്തര പരിശോധനയിൽ പുതിയ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് എഡിഎമ്മിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 73 ലക്ഷം രൂപയുടെ തട്ടിപ്പാണ് പുതുതായി കണ്ടെത്തിയത്. നേരത്തെ അറസ്റ്റിലായ പ്രതികൾ തന്നെയാണ് ഈ തട്ടിപ്പുകൾക്ക് പിന്നിലെന്നാണ് സൂചന.