എറണാകുളം: സ്ത്രീധനത്തിന്‍റെ പേരിൽ കൊച്ചിയിൽ യുവാവ് ഭാര്യയെയും ഭാര്യപിതാവിനെയും ക്രൂരമായി മർദിച്ചെന്ന് പരാതി. പച്ചാളം സ്വദേശിയായ ജിപ്‌സനാണ് ഭാര്യയെയും ഭാര്യപിതാവ് ജോർജിനെയും ശാരീരികോപദ്രവം ഏൽപ്പിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ആദ്യം കുത്തുവാക്കുകൾ ഉപയോഗിച്ചായിരുന്നു പീഡനമെന്നും പിന്നീട് ക്രൂരമായ ശാരീരിക പീഡനമാണ് നേരിടേണ്ടി വന്നതെന്നും യുവതി ഇടിവി ഭാരതിനോട് പറഞ്ഞു.
പൊലീസിനെതിരെയും ആരോപണം
ജിപ്‌സന്‍റെ മർദനത്തിൽ ജോർജിന്‍റെ കാലൊടിഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോർജ് വിദഗ്‌ധ ചികിത്സ തേടിയ ശേഷമാണ് ആശുപത്രി വിട്ടത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
പൊലീസിൽ സ്വാധീനമുള്ള പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരിക്കുകയാണ്.
പ്രശ്‌നത്തിന് തുടക്കം സ്വർണം നൽകാത്തത്
മൂന്ന് മാസം മുമ്പാണ് പച്ചാളം സ്വദേശി ജിപ്‌സനും ചക്കരപ്പറമ്പ് സ്വദേശി ജോർജിന്‍റെ മകളും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് പേരുടേതും രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്‌ച പിന്നുടുമ്പോൾ തന്നെ ജിപ്‌സനും അമ്മയും ചേർന്ന് കൈവശമുള്ള അമ്പത് പവൻ സ്വർണാഭരണം ആവശ്യപ്പെട്ടെങ്കിലും യുവതി നൽകിയിരുന്നില്ല.
ഇതേ തുടർന്നാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നാണ് ആരോപണം. രാത്രി സമയങ്ങളിൽ വായ പൊത്തി പിടിച്ച് അടിവയറ്റിനും നടുവിനും മർദിക്കുമായിരുന്നുവെന്നും പരാതിയുണ്ട്. ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നും ജിപ്‌സന്‍റെ പീഡനത്തെ കുറിച്ച് ഭർതൃമാതാവിനോട് പരാതിപ്പെട്ടിരുന്നുവെന്നും യുവതി പറഞ്ഞു.
പീഡിപ്പാക്കാൻ ഭർതൃമാതാവും
പണവും സ്വർണവും ഒന്നും തന്നെ കൊണ്ടല്ലല്ലോ വീട്ടിലേക്ക് കയറിവന്നത് എന്നായിരുന്നു ഭർതൃമാതാവിന്‍റെ മറുപടിയെന്ന് യുവതി പറഞ്ഞു. വിശപ്പ് സഹിക്കാൻ കഴിയാതെ അടുക്കളയിൽ നിന്നും ഭക്ഷണമെടുത്ത് കഴിച്ചതിന്‍റെ പേരിൽ രാത്രി സമയം വീട്ടിൽ നിന്നും ഇറക്കിവിട്ടുവെന്നും യുവതി വിശദീകരിച്ചു.
ഭർതൃഗ്രഹത്തിൽ നിന്നും ഇറക്കിവിട്ട ശേഷമാണ് സ്വന്തം വീട്ടുകാരെ വിളിച്ച് വിവരം പറയുന്നതും അവർ വന്ന് വീട്ടിലേക്ക് മടക്കി കൊണ്ടുവരികയായിരുന്നുവെന്നും യുവതി പറഞ്ഞു. വിവാഹത്തിന് ഇടനിലക്കാരനായ ഫാദർ നിബിൻ എന്ന വൈദികൻ രണ്ടാം വിവാഹമായതിനാൽ ഇതെല്ലാം സഹിക്കണമെന്ന് ഉപദേശിക്കുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
പ്രശ്‌നം പരിഹരിക്കാനെത്തിയപ്പോൾ മർദനം
പ്രശ്‌നങ്ങൾ സംസാരിക്കുന്നതിനായി ജൂലൈ പതിനാറിനാണ് യുവതിയുടെ പിതാവ് ജോർജ്, ജിപ്‌സനെ കാണാനെത്തിയത്. എന്നാൽ ജിപ്‌സനും പിതാവ് പീറ്ററും ചേർന്ന് ക്രൂരമായ മർദനത്തിനിരയാക്കുകയും കാല് തല്ലിയൊടിക്കുകയുമായിരുന്നുവെന്നാണ് പരാതി. പിറ്റേന്ന് തന്നെ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ജൂലൈ 12ന് മർദനത്തെപ്പറ്റി വനിത സെല്ലിൽ പരാതി നൽകിയെങ്കിലും കൗൺസലിങ് നടത്താമെന്നായിരുന്നു മറുപടി.
ജിപ്‌സന്‍റെ ബന്ധുവായ പൊലീസുകാരന്‍റെ സ്വാധീനത്തിലാണ് പൊലീസ് ഇയാൾക്കെതിരെ നടപടിയെടുക്കാത്തതെന്ന് ജോർജ് ആരോപിച്ചു. ആദ്യ ഭാര്യയേയും ജിപ്‌സൻ അതിക്രൂരമായി മർദിച്ചിരുന്നതായി ഇപ്പോഴാണ് അറിയുന്നതെന്ന് യുവതിയും വീട്ടുകാരും കൂട്ടിച്ചേർത്തു.
Also Read: വീണ്ടും ദുരഭിമാനക്കൊല; ഗർഭിണിയായ മകളെ കൊലപ്പെടുത്തി പിതാവ്