എറണാകുളം: കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ തെരെഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം. യു.ഡി.എഫ് ബൂത്ത് ഏജന്‍റ് അഡ്വക്കറ്റ് റോജർ സെബാസ്റ്റ്യൻ നൽകിയ ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് നൽകിയത്. കള്ളവോട്ടും ബൂത്ത് പിടിത്തവും ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കണം. എല്ലാ ബൂത്തുകളിലും അകത്തും പുറത്തും വീഡിയോ ചിത്രീകരിക്കണം. സാധുവായ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ആരെയും ബൂത്തിൽ പ്രവേശിപ്പിക്കരുത്. തെരെഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, പോളിംഗ് ഏജൻ്റ് മാർ ,വോട്ടർമാർ, സ്ഥാനാർഥികൾ തുടങ്ങിയവർക്ക് തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും മതിയായ പോലീസ് സംരക്ഷണം നൽകണം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങൾ ഉണ്ടാകില്ലെന്ന് സർക്കാരും തെരെഞ്ഞെടുപ്പ് കമ്മീഷനും ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചു. തില്ലങ്കേരി ഡിവിഷനിലെ മുഴുവൻ ബൂത്തുകളും പ്രശ്നസാധ്യതാ ബൂത്തുകളാണെന്നും മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തണമെന്നുമായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇതിന് കഴിയില്ലന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ജില്ലാ ഇലക്ഷൻ ഓഫീസർക്ക് പോളിംഗ് ബൂത്തിൽ വീഡിയോ ചിത്രീകരണം നടത്തുന്നതിനുള്ള അനുമതി നൽകിയതായും കമ്മീഷൻ അറിയിച്ചു. ഇരുപത്തിയഞ്ച് ബൂത്തുകളാണ് പ്രശ്നസാധ്യതാ ബൂത്തുകളെന്ന് പൊലീസും കോടതിയെ അറിയിച്ചു.ഇതേ തുടർന്നാണ് കള്ളവോട്ട് തടയുന്നതിനുള്ള ഇടക്കാല ഉത്തരവ് കോടതി നൽകിയത്. അതേസമയം ഈ ഹർജി ഈ മാസം 28ന് വീണ്ടും പരിഗണിക്കും.