എറണാകുളം: സമ്പൂർണ്ണ സിനഡ് യോഗം ചേരുന്നതിന് മുമ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ നീക്കം ശക്തമാക്കി കർദ്ദിനാൾ വിരുദ്ധ പക്ഷം. എറണാകുളം അങ്കമാലി അതിരൂപതകളിലെ ഒരോ ഫെറോനകളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുകയാണ് വിമതര്‍. അൽമായ മുന്നേറ്റമെന്ന പേരിൽ സംഘടിപ്പിക്കുന്ന യോഗങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉള്ളത്. ഭൂമി വില്‍പ്പനയില്‍ എറണാകുളം- അങ്കമാലി അതിരൂപതക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം നികത്താനുള്ള നടപടി സിനഡ് ഉടൻ സ്വീകരിക്കണമെന്നാണ് അൽമായ സമ്മേളനങ്ങൾ ആവശ്യപ്പെടുന്നത്. ആലഞ്ചേരിയെ ലക്ഷ്യം വച്ചുള്ളതാണ് ഇത്തരമൊരു നീക്കം.
ഇടപ്പള്ളിയിൽ നടന്ന അൽമായ സമ്മേളനം പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി പി ജെറാർദ്, എറണാകുളത്ത് അഡ്വ. ബിനു ജോൺ എന്നിവർ ഉദ്ഘാടനം ചെയ്തു. എറണാകുളം അതിരൂപതക്ക് ഉണ്ടായിട്ടുള്ള നഷ്ടം നികത്താൻ മാർപാപ്പയുടെ നിർദേശം പാലിക്കുക, അതിരൂപതക്ക് പൂർണ്ണ സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കുക, സസ്‌പെൻഡ് ചെയ്യപ്പെട്ട സഹായമെത്രാന്മാരെ അധികാരങ്ങളോടെ തിരിച്ചെടുക്കുക, മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പാക്കുക, ക്രയവിക്രയങ്ങൾക്ക് അൽമായർക്ക് തുല്യ പ്രാധാന്യമുള്ള സമിതി, വിശ്വാസികൾക്കും വൈദികർക്കും മെത്രാന്മാർക്കും എതിരെയുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നിവയാണ് പ്രധാനമായും സമ്മേളനത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സിനഡിന് നിവേദനം സമർപ്പിക്കാനാണ് അൽമായരുടെ തീരുമാനം.