എറണാകുളം: പുകയിലപ്പാറയിലെ ആദിവാസികൾക്കായി നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ നടപ്പിലാക്കുന്ന ടെലിമെഡിസിൻ പദ്ധതി നിലവിൽ വന്നു. ഇതോടൊപ്പം കേരളത്തിലെ മുഴുവൻ ആദിവാസി സ്ത്രീകൾക്കും സൗജന്യ ക്യാൻസർ പരിശോധനയും ലഭ്യമാക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. രണ്ടു വർഷം കൊണ്ടു മുഴുവൻ ആദിവാസി സ്ത്രീകൾക്കും പദ്ധതിയുടെ സഹായം ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.
അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് അനുസരിച്ച് അർഹതപ്പെട്ട മറ്റ് സ്ഥലങ്ങളിലും പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നെണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിന്‍റെ സഹായത്തോടെയാണ് പുകയിലപ്പാറയിൽ ടെലി മെഡിസിൻ പദ്ധതി തുടങ്ങിയത്.
പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള ഹൃദയ ശസ്ത്രക്രിയ സഹായ പദ്ധതിയായ 'ഹൃദയസ്പർശം' , ലഹരി വിരുദ്ധ പ്രചാരണ പദ്ധതിയായ 'വഴികാട്ടി', അനാഥ കുട്ടികളുടെ ഉപരിപഠന സഹായ പദ്ധതിയായ 'വിദ്യാമൃതം', സൗജന്യ വൃക്ക മാറ്റിവക്കൽ പദ്ധതിയായ 'സുകൃതം' തുടങ്ങിയവയാണ് കെയർ ആൻഡ് ഷെയറിന്റെ മറ്റ് പദ്ധതികൾ. താരത്തിന് ജന്മദിന സമ്മാനമായി വയനാട്ടിലെ മധ്യപാടി ആദിവാസി ഊര് ദത്തെടുക്കുന്നതിനുള്ള വാഗ്ദാനപത്രം, സൗദി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകർ മമ്മൂട്ടിക്ക് കൈമാറി.