എറണാകുളം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് വൻ തുക പിഴ ചുമത്തി കസ്‌റ്റംസ്. കൊച്ചി കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം കമ്മിഷണറാണ് ഇതുമായി ബന്ധപ്പട്ട ഉത്തരവ് ഇറക്കിയത്. സ്വപ്‌ന സുരേഷ്, പിഎസ് സരിത്, സന്ദീപ് നായർ, കെടി റമീസ് എന്നിവർ ആറ് കോടി രൂപ വീതം പിഴയടയ്ക്കണം (Smuggling Of Gold Through Diplomatic Baggage).
ഇതിനു പുറമെ യുഎഇ കോൺസുലേറ്റിലെ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്‌മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി എന്നിവരും ആറു കോടി രൂപ വീതം പിഴ അടയ്ക്കണം. അതേസമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ 50 ലക്ഷം രൂപയാണ് പിഴ അടയ്ക്കേണ്ടത്.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ 44 പ്രതികൾക്ക് ആകെ 66.65 കോടി രൂപയാണ് പിഴ ചുമത്തിയത്. കപ്പിത്താൻ ഏജൻസീസ് 4 കോടി രൂപയും, ഫൈസൽ ഫരീദ്, പി.മുഹമ്മദ് ഷാഫി, ഇ സെയ്‌തലവി, ടിഎം സംജു എന്നിവർ 2.5 കോടി രൂപ വീതവും സ്വപ്‌നയുടെ ഭർത്താവ് എസ് ജയശങ്കറും, റബിൻ സ്ഹമീദ് എന്നിവരും 2 കോടി വീതം പിഴയടയ്ക്കണം.
എഎം ജലാൽ, പിടി അബ്‌ദു, ടിഎം മുഹമ്മദ് അൻവർ, പിടി അഹമ്മദ്‌ക്കുട്ടി, മുഹമ്മദ് മൻസൂർ എന്നിവർക്ക് 1.5 കോടി രൂപയും മുഹമ്മദ് ഷമീമിന് ഒരു കോടി രൂപയുമാണ് പിഴ. മറ്റു പ്രതികൾക്ക് 2 ലക്ഷം രൂപ മുതൽ പിഴ ചുമത്തിയിട്ടുണ്ട്.
പ്രിവന്‍റീവ് കമ്മിഷണറുടെ ഉത്തരവിനെതിരെ പ്രതികൾക്കു കസ്‌റ്റംസ് എക്സൈസ് ആൻഡ് സർവീസ് ടാക്‌സ് ട്രൈബ്യൂണലിനെ സമീപിക്കാൻ കഴിയും. ട്രൈബ്യൂണൽ ഉത്തരവിനെ ഹൈക്കോടതിയിലും ചോദ്യം ചെയ്യാൻ കഴിയും.
2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം കാർഗോ കോപ്ലക്‌സിൽനിന്നു 14.22 കോടി രൂപ
വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്തു സ്വർണം പിടിച്ചെടുത്ത കേസിലെ കസ്‌റ്റംസ് നടപടിക്രമത്തിന്‍റെ ഭാഗമായാണ് പ്രതികൾക്ക് പിഴ ചുമത്തിയത്. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയുടെ പരിഗണനയിലാണുള്ളത്.
സ്വർണം പിടികൂടി: വിമാനത്തിന്‍റെ വാഷ് ബേസിനിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം കസ്‌റ്റംസ് പിടികൂടി. മാലിദ്വീപിലെ മാലെയിൽ നിന്ന് ബെംഗളൂരു ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ ഇൻഡിഗോ വിമാനത്തിന്‍റെ ശുചിമുറിയിലെ വാഷ് ബേസിനിൽ ഒളിപ്പിച്ച് അനധികൃതമായി കടത്തിയ സ്വർണമായിരുന്നു ബെംഗളൂരു കസ്‌റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഒക്‌ടോബർ ഏഴിനായിരുന്നു അനധികൃതമായി കടത്തിയ സ്വർണം പിടിച്ചെടുത്തത്.
കസ്‌റ്റംസ് അധികൃതരുടെ തെരച്ചിലിൽ വിപണിയിൽ 1.8 കോടി രൂപ വിലമതിക്കുന്ന 3.2 കിലോ സ്വർണമാണ് പിടികൂടിയത്. വിമാനത്തിൽ അനധികൃതമായി സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസാണ് (ഡിആർഐ) പരിശോധന നടത്തിയത്.