എറണാകുളം: എം.ശിവശങ്കറിനെതിരെ കൂടുതൽ അന്വേഷണം നടത്തണമെന്ന് എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ്. ലൈഫ് മിഷൻ കരാർ കമ്പനി പ്രതിനിധികളോട് എം.ശിവശങ്കറിനെ കാണാൻ കോൺസുൽ ജനറൽ നിർദേശിച്ചെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്. ഉന്നത ബന്ധങ്ങളുള്ള സ്വപ്നക്ക് ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കപ്പെടാന്‍ ഇടയാക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ വാദിച്ചു. മുൻ ഐ ടി സെക്രട്ടറി ശിവശങ്കറും സ്വപ്നയും ചേർന്ന് മൂന്ന് തവണ വിദേശ സന്ദർശനം നടത്തിയെന്നും 2018 ഒക്ടോബറിൽ പ്രളയഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നടത്തിയ യുഎഇ യാത്രയിൽ ശിവശങ്കറിനെ സ്വപ്ന അനുഗമിച്ചിരുന്നുവെന്നും ഇഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
എന്നാൽ ഇക്കാര്യം സ്വപ്ന കോടതിയിൽ നിഷേധിച്ചു. തന്‍റെ പിതാവിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ സ്വത്തുവകകളിൽ തീർപ്പുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിദേശയാത്ര. തനിക്ക് ഉന്നതരിൽ സ്വാധീനമുണ്ടെന്ന് പറയുന്നതല്ലാതെ കള്ളപ്പണ ഇടപാട് നടത്തിയതായി ഒരു റിപ്പോർട്ടിലും പറയുന്നില്ല. റെഡ് ക്രസന്‍റുമായി ബന്ധപ്പെട്ട ഭവനനിർമാണ പദ്ധതിയുടെ കരാർ യൂണിടെക്കിന് നൽകിയതിന് യുഎ ഇ കോൺസുൽ ജനറലിന് കമ്മീഷൻ ലഭിച്ചിരുന്നു. ഇതിൽ നിന്ന് ഒരു പങ്ക് സമ്മാനമായി കോൺസുൽ ജനറൽ തനിക്ക് നൽകിയിരുന്നു. ആ തുകയും തനിക്ക് വിവാഹ സമയത്ത് ലഭിച്ച സ്വർണവുമാണ് ലോക്കറിലുള്ളതെന്നും സ്വപ്ന കോടതിയിൽ വിശദീകരിച്ചു. എന്നാൽ സ്വപ്നയുടെ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചിരുന്നുവെന്നും സമ്പാദ്യത്തിൽ ഏറിയ പങ്കും കള്ളക്കടത്തിലൂടെ ലഭിച്ചതാണെന്ന് ബോധ്യമായതായും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും വാദിച്ചു. ഇരു ഭാഗത്തിന്‍റെയും വിശദമായ വാദം കേട്ട കോടതി ജാമ്യാപേക്ഷ വിധി പറയാനായി ഈ മാസം 21ലേക്ക് മാറ്റി.