എറണാകുളം: മുന്‍ മന്ത്രി എപി അനില്‍ കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തില്ല. പണിമുടക്കായതിനാൽ ഇന്ന് എത്താൻ കഴിയില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. രഹസ്യമൊഴിയെടുക്കാനായി വ്യാഴാഴ്‌ച രാവിലെ പതിനൊന്ന് മണിക്ക് എത്താൻ നിർദേശിച്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതിക്കാരിക്ക് നോട്ടീസ് നൽകിയിരുന്നു.
അന്വേഷണ സംഘത്തിന്‍റെ അപേക്ഷ നേരത്തെ പരിഗണിച്ച എറണാകുളം സിജെഎം കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ജെഎഫ്‌സിഎം ഒന്നാം കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു. സോളാര്‍ കേസ് പ്രതി കൂടിയായ പരാതിക്കാരിയെ മുന്‍ മന്ത്രി അനില്‍ കുമാര്‍ വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇതെത്തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കഴിഞ്ഞ വര്‍ഷം കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്‌ടോബർ മാസമാണ് പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി മൊഴി നല്‍കിയത്.
പീഡനം നടന്നുവെന്ന് ആരോപിക്കുന്ന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലും പരാതിക്കാരിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായിട്ടുളളതെന്നും അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നുമായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.