എറണാകുളം: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ സ്പെഷല്‍ തപാൽ വോട്ടുകളടങ്ങിയ പെട്ടികൾ കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. കോടതിയുടെ സേഫ് കസ്‌റ്റഡിയിലുള്ള സീൽ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന നടത്താനും തീരുമാനമായി. ഇതുപ്രകാരം അടുത്ത വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറന്ന കോടതിയിലാകും തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന നടക്കുക.
അതേസമയം വോട്ടുപെട്ടി കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തി നാലാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. പെട്ടികൾ കാണാതായ സാഹചര്യം, ഉത്തരവാദികൾ ആരൊക്കെ, വോട്ടുപെട്ടികളിൽ കൃത്രിമത്വം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷൻ അന്വേഷിക്കേണ്ടത്.
348 തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്ത് ഇടത് സ്വതന്ത്ര സ്ഥാനാഥി കെപിഎം മുസ്‌തഫ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹൈക്കോടതി നിർദേശ പ്രകാരം വോട്ടുപെട്ടികള്‍ ഹാജരാക്കാൻ ശ്രമിച്ചപ്പോൾ പെട്ടിയിൽ ഒന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ അഞ്ചാം ടേബിളിൽ എണ്ണിയ 482 വോട്ടുകൾ ഈ പെട്ടിയിൽ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരവീഴ്ച പറ്റിയെന്നും വിശദമായ അന്വേഷണം വേണമെന്നും പെരിന്തൽമണ്ണ സബ് കലക്‌ടർ റിപ്പോർട്ട് നൽകിയിരുന്നു. തപാൽ വോട്ടുകൾ സൂക്ഷിച്ച വോട്ടുപെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ഹൈക്കോടതിയുടെ സേഫ് കസ്‌റ്റഡിയിലുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പ്രാഥമിക പരിശോധന ഇന്നലെ നടന്നിരുന്നു.