എറണാകുളം : മാനസ കൊലക്കേസ് പ്രതി രാഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ മോദി അറസ്റ്റിൽ. കോതമംഗലം പൊലീസാണ് പട്‌നയിലെ മുൻഗറിൽ നിന്ന് സോനുവിനെ പിടികൂടിയത്.
ബിഹാർ പൊലീസിന്‍റെ സഹായത്തോടെ സാഹസികമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെതിരെ ചെറുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെടിയുതിർത്ത് കീഴടക്കുകയായിരുന്നു. പട്‌ന കോടതിയിൽ ഹാജരാക്കിയ പ്രതിയെ അടുത്ത ദിവസം കൊച്ചിയിലെത്തിക്കും.
രാഖിലിന്‍റെ സുഹൃത്തിലൂടെ സോനുവിലേക്ക്
രാഖിലിന്‍റെ സുഹൃത്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തോക്ക് നൽകിയ പ്രതിയിലേക്ക് അന്വേഷണം നീളുന്നത്. തുടർന്ന് രാഖിലിന്‍റെ ഈ സുഹൃത്തിനെയും കൂട്ടി പൊലീസ് സംഘം ബിഹാറിലേക്ക് തിരിച്ചു.
അതേസമയം രാഖിലിനെ പട്‌നയിൽ നിന്ന് മുൻഗറിലേക്ക് എത്തിച്ച ടാക്‌സി ഡ്രൈവറെ കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ബിഹാറിൽ തുടരും.
അന്വേഷണത്തിലുണ്ടായത് നിർണായക പുരോഗതി
കഴിഞ്ഞ ജൂലൈ 30നായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. കോതമംഗലം ഇന്ദിര ഗാന്ധി ഡെന്‍റൽ കോളജിലെ വിദ്യാർഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രാഖിലും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്‌തിരുന്നു.
എന്നാൽ പ്രതി ഉപയോഗിച്ച തോക്ക് എവിടെ നിന്ന് ലഭിച്ചെന്നതായിരുന്നു പൊലീസിന് വെല്ലുവിളി. ബിഹാറിൽ നിന്നും തോക്ക് നൽകിയ ആൾ കൂടി പിടിയിലായതോടെ അന്വേഷണത്തിൽ നിർണായക പുരോഗതിയാണുണ്ടായത്.
ALSO READ: രാഖില്‍ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്ന്; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനിയായ മാനസ താമസിച്ചിരുന്ന വാടക വീട്ടില്‍ അതിക്രമിച്ച് കയറിയാണ് രാഖിൽ വെടിവച്ചത്. സുഹൃത്തുക്കളോടൊപ്പം താമസസ്ഥലത്ത് ഭക്ഷണം കഴിക്കുകയായിരുന്ന മാനസയെ തൊട്ടടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ രാഖിലും സ്വയം നിറയൊഴിച്ചു.
നേരത്തെ പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് വേർ പിരിഞ്ഞിരുന്നു. ഇതിന് ശേഷവും ശല്യം ചെയ്തതോടെ രാഖിലിനെതിരെ മാനസ പൊലീസിൽ പരാതി നൽകി. ഇതടക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് കണ്ടെത്തല്‍.