എറണാകുളം: കരാട്ടെ കളങ്ങളിൽ എതിരാളികളെ തോൽപ്പിച്ച് ശീലമുള്ള സോഫിയ എൽദോക്ക് ഇത് കന്നിയങ്കം. കോട്ടപ്പടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നിന്നും ജനവിധി തേടുന്ന ഈ യുഡിഎഫ് (ജേക്കബ്) സ്ഥാനാര്‍ഥി കരാട്ടെ ബ്ലാക്ക് ബെല്‍റ്റാണ്. പരിശീലനത്തിന് മുടക്കം വരാതെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ചോദിക്കുന്ന തിരക്കിലാണ് ഇപ്പോൾ സോഫിയ ടീച്ചർ.
ആറാം ക്ലാസ് മുതലാണ് സോഫിയ കരാട്ടെ പഠിച്ച് തുടങ്ങിയത്. 1994 ൽ ബ്ലാക്ക് ബെൽറ്റ് കിട്ടി. 1998 മുതൽ കരാട്ടെ ടീച്ചറായി വിവിധ സ്‌കൂളുകളിൽ പരിശീലനം നൽകുന്ന സോഫിയ ടീച്ചർ 2001ലും, 2002ലും കരാട്ടെ നാഷണൽ ലെവൽ ചാമ്പ്യനും, നാഷണൽ ലെവൽ മത്സരങ്ങളിലെ ജഡ്‌ജും കൂടിയാണ്. കരാട്ടെ പരിശീലിപ്പിക്കുന്ന അതെ ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഈ കന്നിയങ്കക്കാരി.
യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ അനുകൂലമായ വാർഡിൽ 1300 ഓളം വോട്ടർമാരാണുള്ളത്. സോഫിയ ടീച്ചറുടെ പഞ്ചിന് മുന്നിൽ അടിപതറാതെ വിജയം അനുകൂലമാക്കാനുള്ള തയ്യാറെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർഥി മിനി ഗോപി. മഹിളാ അസോസിയേഷൻ ഏരിയാ ജോയിന്‍റ് സെക്രട്ടറി, കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മറ്റിയംഗവുമായ മിനി ഗോപി പതിനഞ്ച് വർഷമായി സിഡിഎസ് മെമ്പറായി ഒട്ടനവധി സമരങ്ങളിൽ നേതൃത്വം കൊടുത്തിട്ടുള്ളയാളാണ്. ഇവിടെ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് മിനി മണിയാണ്.