എറണാകുളം: സൈബര്‍ ഹാക്കര്‍ സായ്‌ശങ്കറിന് ആലുവ കോടതി ജാമ്യം അനുവദിച്ചു. ദിലീപ് പ്രതിയായ വധഗൂഡാലോചനകേസിലാണ് സായ് അറസ്‌റ്റിലായത്. കേസിലെ നിര്‍ണായക തെളിവായ ഫോണ്‍ രേഖകള്‍ മായ്‌ച്ചുകളഞ്ഞത് താനാണെന്ന് സായ് പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
ദിലീപിന്‍റെ അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണ് രേഖകള്‍ നശിപ്പിച്ചതെന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സായ് ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒളിവില്‍ കഴിഞ്ഞിരുന്ന സായ് കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. നിലവില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ച സാഹചര്യത്തില്‍ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താനും കോടതി തീരുമാനിച്ചു.
നേരത്തേ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞുമാറിയിരുന്നു. ക്രൈംബ്രാഞ്ച് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ സായ് ഹൈകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോടതിയാണ് ഇയാളോട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനും നിര്‍ദേശം നല്‍കിയത്.
Also read: കാവ്യ മാധവനെ ചോദ്യം ചെയ്യും ; തിങ്കളാഴ്‌ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടിസ്