കോതമംഗലം: കോതമംഗലം താലൂക്കിന്റെ കിഴക്കൻ മേഖലയിലുള്ള റോഡുകൾ തകർന്നിട്ടും നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ. പല്ലാരിമംഗലം പഞ്ചായത്തില്‍ കൊച്ചി- ധനുഷ് കോടി ദേശീയപാത കടന്നു പോകുന്ന അടിവാട് മുതൽ കൂവള്ളൂർ വരെയുള്ള ഭാഗം തകർന്നിട്ട് മാസങ്ങളായി.
പല്ലാരിമംഗലം പഞ്ചായത്ത് ഓഫീസിന് സമീപം റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. അടിവാട് -കുത്തുകുഴി റോഡ് പുതുക്കി നിർമിച്ചിട്ട് കരാർ കാലാവധി തീരുന്നതിനു മുമ്പ് തന്നെ പലയിടത്തും വലിയ കുഴികളും വെള്ളക്കെട്ടുമായി മാറി. അടിവാട് - കോഴിപ്പിള്ളി റോഡിൽ പിടവൂർ വരെയുള്ള ഭാഗം പൂർണ്ണമായും തകർന്ന് യാത്ര ദുരിതമായി. നാട്ടുകാരുടെ പരിശ്രമഫലമായി വലിയ കുഴികൾ കഴിഞ്ഞ ദിവസം നികത്തിയിരുന്നു.
കുടമുണ്ട - മടിയൂർ റോഡ് തകർന്നതോടെ ഇതുവഴി വാഹന ഗതാഗതം ഇപ്പോൾ സാധ്യമല്ലെന്നും നാട്ടുകാർ പറയുന്നു. അടുത്തിടെ ടാറിംഗ് പൂർത്തിയാക്കിയ പുതുപ്പാടി - അടിവാട് റോഡ് നിർമ്മാണത്തിലെ അപാകത മൂലം പലയിടത്തും തകർന്നിട്ടുണ്ട്. ഊന്നുകൽ - തൊടുപുഴ സംസ്ഥാന പാതയിലും വലിയ കുഴികളും വശങ്ങളിൽ കട്ടിംഗുകളും രൂപപ്പെട്ടിട്ടുണ്ട്. പിഡബ്ലിയുഡി പോത്താനിക്കാട് സെക്ഷന്റെ കീഴിലാണ് പല്ലാരിമംഗലം പഞ്ചായത്തിലെ റോഡുകൾ. അധികൃതരുടെ അനാസ്ഥയാണ് റോഡുകൾ തകരാൻ കാരണമെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.