റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത്, ദിലീപ് നായകനായി എത്തിയ ചിത്രമായിരുന്നു 'റിംഗ് മാസ്റ്റർ' (Ring Master). ഈ ചിത്രം കണ്ടവരാരും അതിലെ ശ്വാന കഥാപാത്രം 'ഡയാന'യെ മറക്കാനിടയില്ല. ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ 'റിംഗ് മാസ്റ്ററില്‍ ഏറെ കയ്യടി നേടിയതും ഗോൾഡൻ റിട്രീവർ (Golden Retriever) ഇനത്തില്‍പ്പെട്ട 'ഡയാന' എന്ന നായയാണ്.
ഹണി റോസ്, കലാഭവൻ ഷാജോൺ, കീർത്തി സുരേഷ്, അജു വർഗീസ് തുടങ്ങിയവരായിരുന്നു 'റിംഗ് മാസ്റ്ററി'ല്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. കഥാ പശ്ചാത്തലത്തിൽ ഹണി റോസ് അവതരിപ്പിച്ച ഡയാന എന്ന സിനിമ താരത്തിന്‍റെ അതേ പേരോടുകൂടി ശ്വാന കഥാപാത്രം ഡയാന എത്തുന്നതാണ് 'റിംഗ് മാസ്റ്ററു'ടെ അവലംബം.
ഡയാനയുടെ ട്രെയിനർ ആയി ദിലീപിന്‍റെ കഥാപാത്രവും എത്തുന്നതോടെ തിരശീലയിലെ തമാശകൾക്ക് പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ പൊട്ടിച്ചിരി. എന്നാൽ ഇപ്പോഴിതാ 'റിങ് മാസ്റ്റർ' തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്‌ത തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി ആർജിച്ച ആർ കെ എന്ന രാധാകൃഷ്‌ണൻ ചിദംബരമാണ് ചിത്രത്തിൽ ദിലീപിന് പകരക്കാരനായി എത്തുന്നത്. 'കിങ് മേക്കർ' എന്നാണ് തമിഴ് ചിത്രത്തിന്‍റെ പേര്.
അതേസമയം സിനിമയുടെ മറ്റു വിശദാംശങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്നാൽ റിംഗ് മാസ്റ്ററുടെ തമിഴ് പതിപ്പില്‍ തിളങ്ങാൻ ഒരുങ്ങുന്ന 'ശ്വാന നായിക' ഇടിവി ഭാരതിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് ഇതാ എത്തുകയാണ്. ഡയാന എന്നുതന്നെയാണ് അവളുടെ പേര്.
ഡയാന എന്ന ഗോൾഡൻ റിട്രീവർ ഇനം നായയെ ട്രെയിനർ അരുൺ ആണ് ഇടിവി ഭാരതിലൂടെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നത്. സിനിമയിലെ ഈ കഥാപാത്രത്തിനായി ഡോഗ് ട്രെയിനറായ അരുണിനെ അണിയറ പ്രവർത്തകർ സമീപിക്കുകയായിരുന്നു. തുടർന്ന് നായയ്‌ക്ക് അഞ്ച് മാസം പ്രായമുള്ളപ്പോൾ മുതൽ ട്രെയിനിങ് ആരംഭിച്ചെന്ന് അരുൺ പറയുന്നു.
അൽപം വാശിക്കാരിയും കുറുമ്പിയുമാണ് ഡയാനയെന്നാണ് അരുണിന്‍റെ വാക്കുകൾ. 'അത്യാവശ്യം കുറുമ്പിയാണ് ഡയാന. അനുസരണക്കേട് ഒക്കെയുണ്ട്. അതുകൊണ്ട് ചില രംഗങ്ങളിൽ അവൾക്ക് ഡ്യൂപ്പിനെ വരെ വയ്‌ക്കേണ്ടി വന്നു'- അരുൺ പറഞ്ഞു. അരുണിന്‍റെ തന്നെ മറ്റൊരു ഡോഗായ റെക്‌സ് ആണ് ഡയാനയുടെ ഡ്യൂപ്പ്. പൂളിൽ നീന്തിത്തുടിക്കുന്ന ദൃശ്യത്തിൽ അവൾക്കൊപ്പം റെക്‌സിനെയും കാണാം.
തിരുവനന്തപുരം സ്വദേശിയായ അരുൺ കേന്നൽസിന്‍റെ ഉടമയുമാണ്. അതേസമയം ഊട്ടിയിലാണ് തമിഴ് 'റിംഗ് മാസ്റ്റർ' 'കിങ് മേക്കറു'ടെ ചിത്രീകരണം പുരോഗമിക്കുന്നത്. ആദ്യ ഷെഡ്യൂൾ പൂർത്തിയായ ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
മലയാളത്തില്‍ 2014 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'റിംഗ് മാസ്റ്റർ'. വാണിജ്യ വിജയമായിരുന്ന ചിത്രം നിർമിച്ചത് വൈശാഖ് രാജൻ ആണ്. നാദിർഷ, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം പകർന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ശ്രദ്ധ നേടിയിരുന്നു. ഷാജി കുമാർ ആയിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.