എറണാകുളം: കോതമംഗലം - തങ്കളം ബൈപാസ് ജംഗ്ഷനിലെ അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് മനുഷ്യനിർമിതമെന്ന നാട്ടുകാരുടെ പരാതിയില്‍ നടപടി തുടങ്ങി. മാധ്യമ വാർത്തകളെത്തുടർന്നാണ് നടപടി. പ്രദേശത്ത് ഗതാഗത തടസവും രൂക്ഷമാണ്. ചെറിയ മഴ പെയ്താൽ പോലും വലിയ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. ഇതിനു കാരണം റോഡിനിരുവശത്തും സ്വകാര്യ വ്യക്തികൾക്ക് അനധികൃത നിർമാണം നടത്താൻ മുനിസിപ്പൽ ഭരണ സമിതിയും ഉദ്യോഗസ്ഥരും അനുവാദം കൊടുത്തതാണന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് പാടശേഖരമായിരുന്ന പ്രദേശത്ത് വലിയ തോട് ഉണ്ടായിരുന്നു. സ്വകാര്യ വ്യക്തികൾ കൂറ്റൻ കെട്ടിടങ്ങൾ നിര്‍മിക്കുകയും തോടിന്‍റെ ഗതിമാറ്റുകയും ചെയ്തു. തോട് ഇപ്പോൾ ഓടയായി മാറിയതു മൂലം ഉയർന്ന പ്രദേശത്ത് നിന്ന് വൻതോതിൽ ഒഴുകിയെത്തുന്ന വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്‍റെ ആദ്യ പടിയായി തോട് സംഗമിക്കുന്ന സ്ഥലം വീതി കൂട്ടി വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്. മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിച്ച് തോടിന്‍റെ മുഴുവൻ ഭാഗങ്ങളും വീതികൂട്ടുമെന്ന് ആന്‍റണി ജോൺ എംഎൽഎ പറഞ്ഞു. അതേസമയം തോട് പുനർനിർമിക്കാൻ തുടങ്ങിയതിൽ സന്തോഷമുണ്ടെന്നും പരാതിക്ക് പൂർണ പരിഹാരം കാണുമോയെന്ന് വീക്ഷിച്ച് വരികയാണെന്നും പരാതിക്കാരനായ എൽജെഡി നേതാവ് മനോജ് ഗോപി പറഞ്ഞു.