എറണാകുളം : ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി ജി മനുവിനെതിരായ പീഡന പരാതിയിൽ പൊലീസ് ഇന്ന് നോട്ടിസ് നൽകും (Rape case against High Court Senior Government Pleader P G Manu). ഇരുപത്തിയഞ്ചുകാരിയുടെ പരാതിയിൽ പി ജി മനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ബലാത്സംഗം, പീഡനശ്രമം, ഐ ടി വകുപ്പുകൾ ഉൾപ്പടെയുള്ള കേസുകൾ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്.
2018 ലെ പീഡനക്കേസിൽ ഇരയായ എറണാകുളം സ്വദേശിയായ യുവതി (Rape case in Ernakulam) അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസിന്‍റെ നിർദേശ പ്രകാരമാണ് പി ജി മനുവിനെ കാണുന്നത്. മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു കഴിഞ്ഞ മാസം ഒമ്പതിന് യുവതി കടവന്ത്രയിലെ ഓഫിസിലെത്തി ആദ്യമായി മനുവിനെ കണ്ടത്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് അറിയിച്ച് മാതാപിതാക്കളെ പുറത്ത് നിർത്തിയായിരുന്നു ആദ്യ പീഡന ശ്രമം. ഈ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി അടുത്ത ദിവസവും ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടർന്ന് മാതാപിതാക്കളും സഹോദരനും ഇല്ലാത്ത സമയത്ത് കഴിഞ്ഞ മാസം ഇരുപത്തി നാലിന് മനു വീട്ടിലെത്തി. വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ തന്നെ ബലാത്സംഗം ചെയ്‌തുവെന്നുമാണ് യുവതിയുടെ പരാതി.
തുടർന്ന് അശ്ലീല സന്ദേശമയച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. എറണാകുളം റൂറല്‍ എസ്‌പിക്ക് ആണ് യുവതി പരാതി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ചോറ്റാനിക്കര പൊലീസ് പി ജി മനുവിനെതിരെ കേസെടുത്തത്.