എറണാകുളം: കൊച്ചിയിൽ സൗന്ദര്യ വർധക വസ്തുക്കളുടെ മൊത്തവിതരണ സ്ഥാപനത്തിൽ റെയ്ഡ് . വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത അനധികൃത ഉൽപന്നങ്ങൾ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പിടികൂടി. അനധികൃത വില്‍പന നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് മറൈൻ സ്ഥാപനത്തിലാണ് റെയ്‌ഡ്.
ക്യാപ്സ്യൂൾ രൂപത്തിലുള്ള ചൈനീസ് നിർമിത ഹെയർ ഓയിലുകളാണ് റെയിഡില്‍ പിടിച്ചെടുത്തത്. 60 ക്യാപ്‌സൂളുകള്‍ അടങ്ങുന്ന 42 ബോട്ടിലുകളും 60 വൈറ്റമിന്‍ ഇ ഗുളികകള്‍ ഉള്‍പ്പെട്ട 63 ബോട്ടിലുകളും പിടിച്ചെടുത്തു. കൂടാതെ ഹെര്‍ബല്‍ ഹെന്ന പൗഡറും അലോവര ജെല്ലും പിടികൂടിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഈ ഉല്‍പന്നങ്ങള്‍ക്ക് ബില്ലുകളോ, ഇവയുടെ ഉല്‍പാദനം സംബന്ധിച്ച വിവരങ്ങളോ ഇല്ലെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ കൊച്ചി വിഭാഗം ഇൻസ്പെക്‌ടർ എ.സജു പറഞ്ഞു.
ചെന്നൈയില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍ വാങ്ങിയതെന്നും അവിടെ നിന്നും ലഭിച്ച ബില്ലുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നുമാണ് സ്ഥാപനത്തിന്‍റ വിശദീകരണം. എന്നാല്‍ ഈ ഉല്‍പന്നങ്ങളുടെ ഉല്‍പാദനം സംബന്ധിച്ചോ കാലപ്പഴക്കം സംബന്ധിച്ചോ വിവരങ്ങളില്ല. പിടിച്ചെടുത്ത ഉൽപന്നങ്ങൾ കോടതിയിൽ ഹാജരാക്കി തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഡ്രഗ്സ് കൺട്രോളർ വിഭാഗം അറിയിച്ചു. കൊച്ചിയിലെ വിവിധ ബ്യൂട്ടിപാര്‍ലറുകളിലേക്ക് കോസ്മെറ്റിക്‌സ് ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന, സൗന്ദര്യ വർധക വസ്തുക്കളുടെ മൊത്ത വിതരണ കേന്ദ്രം കൂടിയാണിത്. ഇന്‍റലിജൻസ് ബ്രാഞ്ച് ഡ്രഗ്സ് ഇൻസ്പെക്ടർ എ സാജു, സ്പെഷ്യൽ ഡ്രഗ് ഇൻസ്പെക്ടർ മണിവീണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.